
ബെയ്ജിങ്: ചൈനയിൽ ആശങ്ക പരത്തി പകർച്ചവ്യാധി രൂക്ഷമാകുന്നു. ചൈനയിലെ വുഹാ നഗരത്തിലാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പടർന്നിപ്പിടിക്കുന്നത്. അഞ്ജാത വൈറസ് ആണ് രോഗത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പകർച്ചവ്യാധി പിടിപ്പെട്ട് ചികിത്സക്കായി ആശുപത്രിയിലെത്തിയവരുടെ എണ്ണം വർധിച്ചതോടെ അഞ്ജാത വൈറസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് ചൈനീസ് ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി.
ഇതുവരെ 44 പേർക്ക് രോഗം പിടിപ്പെട്ടതായി സ്ഥരീകരിച്ചിട്ടുണ്ട്. ഇതിൽ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പകർച്ചവ്യാധി രൂക്ഷമായതോടെ ചൈനയിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് സിംഗപ്പൂരും ഹോങ്കോങ്ങും കർശനമാക്കി. ഇതിനിടെ, പടര്‍ന്നുപിടിക്കുന്ന വൈറസ് 'സാര്‍സ്' ആണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നുണ്ട്. നിലവിൽ രോഗം പിടിപ്പെട്ടരുടെ രോഗലക്ഷണങ്ങൾ സർസുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് പ്രചാരണം.
എന്നാൽ, ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2002-2003 കാലയളവിൽ ലോകത്താകമാനം എഴുന്നൂറിലധികം പേരുടെ ജീവനെടുത്ത പകർച്ചവ്യാധിയാണ് സർസ്.
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസ് അല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കടൽ വിഭവങ്ങൾ വിൽക്കുന്ന നഗരത്തിലെ മാർക്കറ്റിൽ ജോലി ചെയ്തിരുന്നവർക്കാണ് രോഗം കൂടുതലായി ബാധിച്ചിരിക്കുന്നത്. ഇതേതുടർന്ന് അധികൃതർ മാർക്കറ്റ് ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വുഹായിൽ രോഗം പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ചൈനീസ് സർക്കാരിനെ ബന്ധപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam