
കസാൻ: 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്. മോദിയും ഇറാനിയൻ പ്രധാനമന്ത്രി മസൂദ് പെസഷ്കിയനുമായി റഷ്യയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. കസാനിൽ ഒക്ടോബർ 22, 23 എന്നീ തീയതികളിലായാണ് ഉച്ചകോടി നടക്കുക.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്. സന്ദർശനത്തിന്റെ ഭാഗമായി പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും. പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ബ്രിക്സ് ഉച്ചകോടിയ്ക്ക് മുമ്പ് തന്നെ ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിങ് നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി എന്നത് ശ്രദ്ധേയമാണ്.
ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നു. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ നൽകി മോദിയെ അദരിക്കുകയും ചെയ്തിരുന്നു.
ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ബ്രിക്സ് ഉച്ചകോടിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ പുരോഗതികൾ നേതാക്കൾ വിലയിരുത്തും. കൂടാതെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായുള്ള വിവിധ വശങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും. ലോകരാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയായിരിക്കും ബ്രിക്സ് ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam