
ദില്ലി: യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി (Volodymyr Zelenskyy) ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് യുക്രൈന്‍ പ്രസിഡന്‍റുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26 നാണ് പ്രധാനമന്ത്രി സെലന്‍സ്കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്കി സംസാരം നടക്കുന്നത്.
യുക്രൈന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമെന്നാണ് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്. കൊവിഡിനെ എങ്ങനെ കൈകാര്യം ചെയ്തോ അതു പോലെ നിലവിലെ പ്രതിസന്ധിയേയും മറികടക്കും. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ ഗംഗയുടെ വിജയമെന്നും പ്രധാനമന്ത്രി ഇന്നലെ അവകാശപ്പെട്ടിരുന്നു.
ദില്ലി: ഇന്ത്യ യുക്രൈന്‍ അനൂകുല നിലപാട് സ്വീകരിക്കണമെന്ന് യുക്രൈന്‍ അംബാസിഡർ ഇഗോർ പോളിഖാ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇഗോർ പോളിഖാ. യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സമ്മർദം ശക്തമാക്കണം. സുമിയിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം നടക്കുകയാണ്. ഇതിൽ താൻ വ്യക്തിപരമായി ഇടപെടൽ നടത്തുന്നുണ്ട്. ശക്തമായ ചെറുത്ത് നിൽപ്പാണ് യുക്രൈന്‍ ജനത നടത്തുന്നതെന്നും അംബാസിഡർ ഇഗോർ പോളിഖാ പറഞ്ഞു. റഷ്യ ഈ ചെറുത്ത് നിൽപ്പ് പ്രതീക്ഷിച്ചില്ല. ജനവാസകേന്ദ്രങ്ങൾ റഷ്യ ആക്രമിക്കുകയാണ്. സമാധാനചർച്ച നടക്കുമ്പോൾ പോലും ആക്രമണം നടത്തി.
ഇതിനിടെ റഷ്യയിലെ പ്രവർത്തനം നെറ്റ്ഫ്ലിക്സ് നിർത്തി .ലൈവ് സ്ട്രീമിങ് നിർത്തി ടിക് ടോകും പ്രതിഷേധം വ്യക്തമാക്കി. അമേരിക്കൻ എക്സ്പ്രസ് റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. അതസമയം സുമിയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ഉടൻ നടന്നേക്കും. സജ്ജരായിരിക്കാൻ വിദ്യാർഥികൾക്ക് നിർദേശമെത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പോൾട്ടോവയിൽ ക്യാമ്പ് ചെയ്യുകയാണ്. ഒഴിപ്പിക്കലിനുള്ള എല്ലാ നടപടികളും പൂർത്തിയായതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. പോൾട്ടോവയിലേക്ക് നാല് ബസുകൾ പുറപ്പെട്ടു കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.