ഫീസടക്കാന്‍ പണമില്ല; കോഴിയുമായി രണ്ടാം ക്ലാസുകാരന്‍ സ്‌കൂളില്‍!

By Web TeamFirst Published Aug 3, 2021, 5:23 PM IST
Highlights

വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ നിന്ന് കുട്ടിയുടെ കഥ കേട്ട എംപി സഹായ വാഗ്ദാനവുമായി രംഗത്തെത്തി. ഫീസ് കുടിശിക മൊത്തമായി എംപി കലേബ് അമിസി ഏറ്റെടുത്തു.
 

നെയ്‌റോബി: സ്‌കൂളില്‍ ഫീസ് അടയ്ക്കാന്‍ കഴിയാതെ കുടിശിക വന്നപ്പോള്‍ രണ്ടാം ക്ലാസുകാരന്‍ ചെയ്ത ഉപായമാണ് ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ചര്‍ച്ച. കെനിയയിലെ ട്രാന്‍സ് സോയിയ കൗണ്ടിയിലെ സബോട്ടി ഹോളി ട്രിനിറ്റി സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ 34000 കെനിയന്‍ ഷില്ലിങ്‌സ് കുടിശിക വന്നപ്പോള്‍ എന്തെങ്കിലും ഫീസുമായി വരാന്‍ സ്‌കൂള്‍ അധികൃതര്‍ മാത്യു സിമിയു എന്ന രണ്ടാം ക്ലാസുകാരനോട് ആവശ്യപ്പെട്ടു.

മാത്യു നേരെ വീട്ടിലെത്തി. ഫീസടയ്ക്കാന്‍ പണം കണ്ടെത്താനുള്ള മാര്‍ഗം തിരഞ്ഞു . വിലപിടിപ്പുള്ളതൊന്നുമില്ല. അപ്പോഴാണ് വീട്ടില്‍ ആകെയുള്ള കോഴിയെ കണ്ടത്. കോഴിയെങ്കില്‍ കോഴി എന്നു വിചാരിച്ച് അതിനെയും തൂക്കി നേരെ സ്‌കൂളിലേക്ക്. പഠനം തുടരാന്‍ അതിയായ ആഗ്രഹമുണ്ടെന്നും കോഴിയെ ഫീസായി സ്വീകരിക്കണമെന്നും അധികൃതരോട് അപേക്ഷിച്ചു. ആദ്യം ഒന്നമ്പരന്നെങ്കിലും കുട്ടിയുടെ ആത്മാര്‍ത്ഥതയില്‍ അധികൃതര്‍ക്ക് സന്തോഷമായി. ഫീസിനത്തിലേക്ക് കോഴിയെ സ്വീകരിച്ചു. 1000 ഷെല്ലിങ്‌സാണ് വിലയിട്ടത്. ബാക്കി പിന്നെ ഒടുക്കിയാല്‍ മതിയെന്ന് പറഞ്ഞു.

സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ നിന്ന് കുട്ടിയുടെ കഥ കേട്ട എംപി സഹായ വാഗ്ദാനവുമായി രംഗത്തെത്തി. ഫീസ് കുടിശിക മൊത്തമായി എംപി കലേബ് അമിസി ഏറ്റെടുത്തു. തന്റെ കുട്ടിക്കാലമാണ് തനിക്ക് ഓര്‍മ വന്നതെന്ന് അദ്ദേഹം പറഞ്ഞു.  സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടി കഴിഞ്ഞ വര്‍ഷമാണ് സ്‌കൂളില്‍ ചേര്‍ത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!