
കാഠ്മണ്ഡു: രണ്ടുദിവസം നീണ്ട ജെന്‍ സീ പ്രക്ഷോഭം ശമിച്ചതോടെ നേപ്പാള്‍ സാധാരണ നിലയിലേക്ക് എത്തുകയാണ്. രാജ്യവ്യാപക കര്‍ഫ്യു തുടരുന്നുണ്ട്. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. സൈന്യവുമായുള്ള ചർച്ചകൾക്ക് മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കിയെ ജെന്‍ സീ കൂട്ടായ്മ ചുമതലപ്പെടുത്തി.
നേപ്പാളില്‍ പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി. ശര്‍മ ഒലിയും സര്‍ക്കാരിലെ മറ്റ് മിക്ക മന്ത്രിമാരും രാജി സമര്‍പ്പിച്ചത്. എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. നേപ്പാള്‍ ഭരണഘടന പ്രകാരം സര്‍ക്കാര്‍ താഴെ വീണാല്‍ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്‍റിന് ക്ഷണിക്കാം. ആര്‍ക്കും
ഭൂരിപക്ഷമില്ലെങ്കില്‍, ഏതെങ്കിലും പാര്‍ലമെന്‍റംഗം തനിക്ക് ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ടാല്‍ പ്രസിഡന്‍റിന് ആ വ്യക്തിയെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കാം. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ ആ വ്യക്തി വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണം.
ഈ സാധ്യതകളെല്ലാം പരാജയപ്പെട്ടാല്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍ പല നേതാക്കളും ഇതിനോടകം ആക്രമിക്കപ്പെടുകയോ പ്രക്ഷോഭകാരികളെ ഭയന്ന് ഒളിവില്‍ക്കഴിയുകയോ ആണ്. അതിനാല്‍ത്തന്നെ ഭരണഘടന
നിഷ്കര്‍ഷിക്കുന്ന ഈ രീതി ഇവിടെ തുടരാന്‍ കഴിയില്ല. ഭരണഘടന പ്രകാരം നേപ്പാളിന് ഒരു ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ പ്രക്ഷോഭകാരികള്‍ക്ക് സ്വീകാര്യമായ നിലയില്‍ ഒരു ഇടക്കാല സര്‍ക്കാരിനെ നിയമിക്കണമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
നിലവില്‍ സര്‍ക്കാരിനെ നയിക്കാന്‍ പ്രക്ഷോഭകാരികള്‍ മുന്നോട്ട് വെച്ച പേര് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടേതാണ്. പ്രക്ഷോഭകാരികളുടെ നിര്‍ദേശം സുശീല പൂര്‍ണമായും അംഗീകരിച്ചാല്‍, ആദ്യം അവര്‍ കരസേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്ഡലിനെ കാണുമെന്നും തുടര്‍ന്ന് പ്രസിഡന്‍റ് രാം ചന്ദ്ര പൗഡലിന്‍റെ അനുമതി തേടുമെന്നുമാണ് വിവരം.
നേപ്പാളിന്‍റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാണ് സുശീല. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായുടെ പേരാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹത്തില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. സമാധാന ചര്‍ച്ചകളോട് സഹകരിക്കാന്‍ പ്രസിഡന്റും സൈനിക മേധാവിയും തീരുമാനിച്ച സ്ഥിതിക്ക്, കൂടിയാലോചന നടത്തിയ ശേഷമാകും ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതടക്കമുള്ള നീക്കങ്ങള്‍.