
ദില്ലി: നേപ്പാളിൽ ആളിക്കത്തി 'ജെൻസി'പ്രക്ഷോഭം. പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ നേപ്പാള്‍ പ്രസിഡന്‍റും രാജിവെച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാൽ സ്ഥിരീകരണം ലഭ്യമായിട്ടില്ല. പ്രക്ഷോഭകാരികള്‍ നേപ്പാള്‍ സുപ്രീം കോടതി സമുച്ചയത്തിനും തീയിട്ടു. അതേസമയം, നേപ്പാളിലെ ഇന്ത്യൻ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. നേപ്പാളിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈനും ആരംഭിച്ചു. സംഘര്‍ഷം തീരുന്നതുവരെ നേപ്പാളിലേക്ക് ഇന്ത്യൻ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ നേപ്പാളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും പുറത്ത് പോകരുതെന്നും സര്‍ക്കാരിന്‍റെ സുരക്ഷാ മുൻകരുതലുകള്‍ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ, നേപ്പാളിൽ കുടുങ്ങിയ കോഴിക്കോടുനിന്നുള്ള 40 അംഗ മലയാളി വിനോദ സഞ്ചാരി സംഘം സുരക്ഷിതരാണെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ അറിയിച്ചു. കലാപബാധിതമായ നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40 അംഗ മലയാളി സംഘവുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതായി ജോര്‍ജ് കുര്യൻ അറിയിച്ചു. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ നിന്ന് പോയവര്‍ സുരക്ഷിതരാണെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ വ്യക്തമാക്കി. മലയാളി വിനോദ സഞ്ചാരികളുടെ വിഷയത്തിൽ കെസി വേണുഗോപാൽ എംപിയും ഇടപെട്ടു.
വിദേശകാര്യ മന്ത്രിയുമായി കെസി വേണുഗോപാൽ സംസാരിച്ചു. കാഠ്മണ്ഡു വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാൽ ഇപ്പോള്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കഴിയില്ലെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രി എസ്‍ ജയശങ്കര്‍ അറിയിച്ചു.നേപ്പാളിൽ സംഘർഷം രൂക്ഷമെന്ന് കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികൾ പറഞ്ഞു. കാഠ്മണ്ഡുവലെ പൊലീസ് സ്റ്റേഷനുകൾക്ക് ഉൾപ്പെടെ തീയിട്ടു. തങ്ങള്‍ സുരക്ഷിതരാണെന്നും ഭക്ഷണവും താമസവും കിട്ടിയെന്നും നിലവിൽ ആശങ്കയില്ലെന്നും വിമാനത്താവളങ്ങൾ അടച്ചുവെന്നും വിമാന സർവീസ് തുടങ്ങിയാൽ മടങ്ങുമെന്നും മലയാളികള്‍ പറഞ്ഞു.
നേപ്പാളിലെ ഇന്ത്യക്കാര്‍ക്കായി ആരംഭിച്ച ഹെല്‍പ് ലൈൻ നമ്പറുകള്‍ (വാട്സ് ആപ്പ് കോള്‍ സൗകര്യത്തോടെ)
1. +977 – 980 860 2881
2. +977 – 981 032 6134
സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പാർലമെന്റ് മന്ദിരത്തിനും പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിക്കത്ത് നൽകിയത്. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നേപ്പാള്‍ പാര്‍ലമെന്‍റ് വളപ്പിലേക്ക് പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹുദൂര്‍ ദേവൂബയുടെ വീടിന് നേര്‍ക്കും ധനമന്ത്രി പൌഡേലി നേര്‍ക്കും അതിക്രമം നടന്നു.
രാജിവെച്ച മന്ത്രിമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ സ്വകാര്യ വസതിയടക്കം പ്രക്ഷോഭകാരികള്‍ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. 19 പേരാണ് ജെൻ സി പ്രക്ഷോഭത്തെ തുടര്‍ന്ന് മരിച്ചത്. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡുവിലെ വിമാനത്താവളം താത്ക്കാലികമായി അടച്ചിരിക്കുകയാണ്. സൈന്യം നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. കെ പി ശര്‍മ ഒലി കാഠ്മണ്ഡു വിട്ടുവെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. കൂടാതെ ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ലക്നൗവിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam