വനിതാ ജീവനക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; നേപ്പാളില്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അറസ്റ്റില്‍

By Web TeamFirst Published Oct 8, 2019, 12:52 PM IST
Highlights

 നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് കൃഷ്ണ ബഹാദൂര്‍ മഹറ

കാഠ്മണ്ഡു: നേപ്പാളിലെ മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹറ പീഡനക്കേസില്‍ അറസ്റ്റില്‍. നിയമസഭയിലെ വനിതാ ജീവനക്കാരി നല്‍കിയ പരാതിയിന്മേലാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ കൃഷ്ണ ബഹാദൂര്‍ മഹറയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് മഹറയ്ക്കെതിരെ ആരോപണങ്ങളുന്നയിച്ച് യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 

നേപ്പാളിലെ ഹംറാക്കുറ.കോം എന്ന ന്യൂസ് വെബ്സൈറ്റാണ് യുവതിയുമായുള്ള വീഡിയോ ഇന്‍റര്‍വ്യൂ പുറത്തുവിട്ടത്. ഗുരുതര ആരോപണങ്ങളാണ് മുന്‍ സ്പീക്കര്‍ക്കെതിരെ യുവതി ഉന്നയിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 29 നാണ് സംഭവം. മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയ മഹറ മദ്യം നല്‍കിയശേഷം ബലപ്രയോഗത്തിലൂടെ യുവതിയെ പീഡ‍ിപ്പിക്കുകയായിരുന്നു. പൊലീസില്‍ അറിയിക്കുമെന്ന് യുവതി പറഞ്ഞതോടെ മഹറ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. 

യുവതിയുടെ കൈകളിലും കാലുകളിലുമേറ്റ പരിക്കുകളുടെ ദൃശ്യങ്ങളടക്കം മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എന്നാല്‍ യുവതിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വാദിച്ച് മഹറ രംഗത്തെത്തിയെങ്കിലും സമ്മര്‍ദ്ദം ശക്തമായതോടെ സ്പീക്കര്‍ സ്ഥാനം ഒഴിയേണ്ടിവന്നു. 

പൊലീസ് യുവതിയുടെ  വീട്ടില്‍ നിന്നും മദ്യക്കുപ്പികളും മഹറയുടേതെന്ന് കരുതുന്ന പൊട്ടിയ കണ്ണടകളും കണ്ടെത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വലിയ രീതിയിലുള്ള ഭീഷണിയുയരുന്നതോടെ യുവതി പരാതി പിന്‍വലിച്ചു. തുടര്‍ന്ന് സംഭവം വലിയ വാര്‍ത്തയായതോടെ  വെള്ളിയാഴ്ച ഇവര്‍ വീണ്ടും പരാതി നല്‍കി. ജില്ലാകോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണെന്നും കാഠ്മണ്ഡു പൊലീസ് വക്താവ് വ്യക്തമാക്കി.
 

click me!