
കഠ്മണ്ഡു: കഴിഞ്ഞ ദിവസം നേപ്പാളിൽ നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റ് അഞ്ജു ഖതിവാഡയുടെ മുൻ ഭർത്താവും കൊല്ലപ്പെട്ടത് വിമാനാപകടത്തിൽ. അഞ്ജുവിനെപ്പോലെ, യതി എയർലൈൻസിൽ പൈലറ്റായിരുന്നു ഭർത്താവ് ദീപക് പൊഖരേലും. 2006 ജൂൺ 12ന് നടന്ന അപകടത്തിൽ കൊല്ലപ്പെട്ട 10പേരിൽ ദീപകുമുണ്ടായിരുന്നു. ജുംലയിൽവച്ചായിരുന്നു അപകടം. വളരെ ചെറുപ്പത്തിലേ ഭർത്താവിനെ നഷ്ടപ്പെട്ട അഞ്ജു തളർന്നില്ല. പൈലറ്റായി തന്നെ ജീവിതം തുടർന്നു. പിന്നീട് പുനർവിവാഹിതയായി. മക്കൾക്കൊപ്പം പുതിയ ജീവിതം ആസ്വദിക്കുന്നതിനിടെയാണ് മറ്റൊരു വിമാന അപകടത്തിന്റെ രൂപത്തിൽ മരണം അഞ്ജുവിനെ തേടിയെത്തിയത്.
ബിരാട്നഗറിലാണ് അഞ്ജു മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത്. ദീപക്കുമായുള്ള ആദ്യ വിവാഹത്തിൽ 22 വയസ്സുള്ള മകളും രണ്ടാം വിവാഹത്തിൽ 7 വയസ്സുള്ള മകനുമുണ്ട്. സഹപൈലറ്റായിരുന്നു അഞ്ജു. ക്യാപ്റ്റൻ പദവി ലഭിക്കാനിരിക്കെയാണ് അപകടം. വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായ ലാൻഡിങ് നടത്തി പ്രശംസ നേടിയിരുന്നു. അപകടം നടക്കുമ്പോൾ പ്രധാന പൈലറ്റായ ക്യാപ്റ്റൻ കമൽ കെസിക്കൊപ്പം സഹപൈലറ്റായിരുന്നു. പൈലറ്റെന്ന നിലയിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങേണ്ടിയിരുന്ന വനിതയാണ് അഞ്ജു. എന്നാൽ അപകടം എല്ലാം മാറ്റിമറിച്ചു.
വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു.
കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam