
ടെൽ അവീവ്: ഹിസ്ബുല്ലയുടെ നിയുക്ത നേതാക്കളെ രണ്ട് പേരെയും വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നസ്‌റല്ലയെയും അദ്ദേഹത്തിന്‍റെ പിൻഗാമിയെയും പിൻഗാമിയുടെ പകരക്കാരനെയും ഉൾപ്പെടെ ആയിരക്കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കി എന്നാണ് നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ അവർ ആരെല്ലാമെന്ന് പേരുകൾ നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുല്ലയെ ജനം പുറത്താക്കിയില്ലെങ്കിൽ ഗാസയുടെ ഗതി വരുമെന്നും മുന്നറിയിപ്പ് നൽകി. അതിനിടെ ഹിസ്ബുല്ല തലയില്ലാത്ത സംഘടനയെന്ന് ഇസ്രയേൽ പ്രതിരോധകാര്യ മന്ത്രി യോവ് ഗാലന്‍റ് പരിഹസിച്ചു.
നസ്റല്ലയുടെ ബന്ധു കൂടിയായ ഹാഷെം സഫിദ്ദീനെ കുറിച്ചും അദ്ദേഹത്തിന്‍റെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നയാളെ കുറിച്ചും വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ ബെയ്റൂട്ട് ആക്രമണത്തിന് ശേഷം വിവരമില്ല. സഫിദ്ദീൻ കൊല്ലപ്പെട്ടിരിക്കാമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ഇപ്പോൾ നെതന്യാഹുവും ആവർത്തിച്ചു. എന്നാൽ ഹിസ്ബുല്ല ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഹിസ്ബുല്ലയിൽ നിന്ന് മോചിതരാവാൻ നെതന്യാഹു ലെബനനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. മാറ്റത്തിനുള്ള അവസരം മുതലാക്കാൻ നെതന്യാഹു ജനങ്ങളോട് പറഞ്ഞു. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ രാജ്യത്തെ വീണ്ടെടുക്കാം. സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും പാതയിലേക്ക് തിരികെ കൊണ്ടുവരാം. അങ്ങനെ ചെയ്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് ഹിസ്ബുല്ല ഇസ്രയേലിനെതിരെ ആക്രമണം തുടരും. അപ്പോൾ ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു. ബെയ്‌റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്.
ഹിസ്ബുല്ലയുടെ ലോജിസ്റ്റിക്കൽ ഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈൽ ഹുസൈൻ ഹുസൈനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഹിസ്ബുല്ല ലോജിസ്റ്റിക്സിന്‍റെയും അതിന്‍റെ വിവിധ യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിച്ചത് സുഹൈൽ ഹുസൈൻ ഹുസൈനിയായിരുന്നു. ഇറാനും ഹിസ്ബുല്ലയും തമ്മിലുള്ള ആയുധ കൈമാറ്റത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് ഹുസൈനിയെന്ന് ഇസ്രായേൽ പ്രതിരോധ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam