
ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീന്‍റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വലിയ കുരുക്കാകുന്ന പുതിയ രേഖകൾ പുറത്ത്. എപ്സ്റ്റീന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജനപ്രതിനിധി സഭാംഗങ്ങളായ ഡെമോക്രാറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ഇ മെയിലുകൾ പുറത്തുവിട്ടത്. എപ്സ്റ്റീന്‍റെ ഇരകൾക്കൊപ്പം ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവിട്ടുവെന്നും ഒരു ഇ മെയിലിലെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വൈറ്റ് ഹൗസ്, പ്രസിഡന്‍റിനെ കരിതേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പ്രതികരിച്ചത്.
ജെഫ്രി എപ്‌സ്റ്റീൻ കേസിൽ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കുരുക്കാകുന്ന പുതിയ ഇമെയിലുകൾ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകളാണ് പുറത്തുവിട്ടത്. കഴിഞ്ഞ 15 വർഷത്തിനിടെ എപ്‌സ്റ്റീൻ തന്റെ സഹപ്രവർത്തക ഗിസ്ലൈൻ മാക്‌സ്‌വെല്ലിനും എഴുത്തുകാരൻ മൈക്കിൾ വൂൾഫിനുമായി നടത്തിയ സ്വകാര്യ കത്തിടപാടുകളിൽ ട്രംപിന്റെ പേര് പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ലൈംഗിക കടത്തിന് ഇരയായ ഒരു സ്ത്രീയുമായി ട്രംപ് മണിക്കൂറുകളോളം സമയം ചെലവഴിച്ചതായും, ക്ലബ്ബിൽ ജോലി ചെയ്തിരുന്ന യുവതികളെ ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് തന്നെ പുറത്താക്കിയെന്നുമടക്കമുള്ള വിവരങ്ങളാണ് ഇ മെയിലിലുള്ളത്. ട്രംപ് പ്രസിഡന്‍റ് ആകുന്നതിന് മുൻപുള്ളതാണ് ഈ തെളിവുകളെങ്കിലും, അദ്ദേഹത്തിന് പെൺകുട്ടികളെക്കുറിച്ച് അറിയാമായിരുന്നുവെന്ന് എപ്‌സ്റ്റീൻ സൂചിപ്പിക്കുന്നത് ഗുരുതരമാണെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്.
എന്നാൽ പുതിയ ആരോപണങ്ങളടക്കം നിഷേധിക്കുകയാണ് വൈറ്റ് ഹൗസ് ചെയ്തത്. പ്രസിഡന്‍റിനെ കരിതേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്‍റെ പ്രതികരണം. എപ്‌സ്റ്റീനുമായോ മാക്‌സ്‌വെല്ലുമായോ ബന്ധപ്പെട്ട് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam