
വാഷിംഗ്ടണ്‍: തന്‍റെ ഇന്ത്യൻ വേരുകളെ പൂർണമായി തള്ളി ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി. കുടിയേറ്റത്തിലൂടെ അമേരിക്കയിലെത്തിയ കുടുംബത്തില്‍ നിന്നുള്ള നിക്കി ഇപ്പോൾ കുടിയേറ്റം അവസാനിപ്പിക്കണമെന്ന ശക്തമായ നിലപാട് എടുക്കുന്നത് യുഎസിൽ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
24കാരനായ നളിൻ ഹേലിയുടെ ഇന്ത്യൻ വേരുകളിൽ നിന്ന് അകലം പാലിച്ചുകൊണ്ടുള്ള പ്രസ്താവനകളും, റിപ്പബ്ലിക്കൻ പാർട്ടി യുവതലമുറയുടെ ശബ്‍ദമാകത്തതിനെ വിമർശിച്ചുകൊണ്ടുള്ള കാര്യങ്ങളുമാണ് വാർത്തകളിൽ നിറയുന്നത്. അമേരിക്കയോട് മാത്രമാണ് തനിക്ക് കൂറെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ എച്ച് 1 ബി വിസ ഉൾപ്പെടെയുള്ള നിയമപരമായ കുടിയേറ്റം അവസാനിപ്പിക്കണമെന്നും നളിൻ ആവശ്യപ്പെട്ടു.
പഞ്ചാബിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് നളിന്‍റെ മുത്തച്ഛൻ അജിത് സിംഗ് രൺധാവ. തുടര്‍ന്ന് ഒരു അക്കാദമിക് കരിയർ കെട്ടിപ്പടുക്കുകയും അമേരിക്കയിൽ തന്നെ തുടരുകയും ചെയ്തു. എന്നാൽ, തന്‍റെ കുടുംബ പശ്ചാത്തലത്തെ തന്നെ തള്ളിപ്പറയുന്ന രീതിയിലായിരുന്നു നളിന്‍റെ വാക്കുകൾ. "ഞാൻ അമേരിക്കയെ മാത്രമാണ് അറിഞ്ഞിട്ടുള്ളത്. ഞാൻ ഒരിക്കലും പോകാത്ത ഒരു രാജ്യത്തോട് എനിക്ക് ഒരു കൂറും ആവശ്യമില്ല" നളിൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക രംഗം ദുർബലമാകുമ്പോഴും അമേരിക്കക്കാരെ കമ്പനികൾ നിയമിക്കാത്തത് കുടിയേറ്റത്തെ എതിര്‍ക്കാനുള്ള വാദമാക്കി നളിൻ ഉയര്‍ത്തുന്നു. "നമ്മുടെ സ്വന്തം ആളുകളെ നിയമിക്കാതിരിക്കുകയും വിദേശ തൊഴിലാളികളെ ഇവിടെ കൊണ്ടുവരുന്നതും അർത്ഥശൂന്യമാണ്," നളിൻ അഭിപ്രായപ്പെട്ടു. എച്ച് 1 ബി വിസകൾക്ക് നിരോധനമേർപ്പെടുത്തണമെന്നും നിയമപരമായ കുടിയേറ്റം പരിമിതപ്പെടുത്തണമെന്നും നളിൻ നേരത്തെ വാദിച്ചിരുന്നു.
'ഫ്രസ്‌ട്രേറ്റഡ്' ആയ ജെൻ സികളുടെ വക്താവായി സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് നളിൻ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി യുവജനതയുടെ ശബ്‍ദങ്ങൾ കേൾക്കുന്നതിൽ പരാജയപ്പെടുകയാണെന്നും, അമേരിക്കൻ തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് മുകളിൽ കോർപ്പറേറ്റ് എലൈറ്റുകളെയാണ് അവർ പ്രതിഷ്ഠിക്കുന്നതെന്നും നളിൽ കുറ്റപ്പെടുത്തി. യുവ റിപ്പബ്ലിക്കൻമാർക്കിടയിൽ സാമ്പത്തിക നിലപാടുകളിൽ മാറ്റം വരുന്നുണ്ട്. ഒരു സ്വതന്ത്ര വിപണി എന്നത് അടിസ്ഥാനപരമായി നിയമമില്ലാത്ത വിപണിയാണ് എന്ന ചിന്താഗതിയിലേക്ക് അവർ എത്തുന്നു. ഭവന പ്രതിസന്ധിയിലും ഇൻസൈഡർ ട്രേഡിംഗ് അഴിമതി എന്നിവയിൽ യുവജനങ്ങൾ ആശങ്കാകുലരാണ്.
ലിബർട്ടേറിയൻ നിയോ-ലിബറൽ മാർക്കറ്റ് ചിന്താഗതി തങ്ങൾക്ക് ഗുണം ചെയ്തിട്ടില്ലെന്ന് തന്‍റെ തലമുറ വിശ്വസിക്കുന്നതായി പൊളിറ്റിക്കൽ സയൻസിൽ ബിരുദധാരിയായ നളിൻ പറയുന്നു. താൻ ക്രിസ്ത്യാനിയും പോപ്പുലിസ്റ്റും ദേശീയവാദിയുമാണ് എന്നും, തന്‍റെ ഈ കാഴ്ചപ്പാടുകൾ ജെൻ സി കൺസർവേറ്റീവുകൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വംശജനായ ഡെമോക്രാറ്റ് സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ജെൻ സി വോട്ടർമാരുടെ സ്വാധീനം കൊണ്ടാണെന്ന് നളിൻ ഹേലി പറയുന്നു. യുവതലമുറയുടെ ആശങ്കകൾ ഡെമോക്രാറ്റുകൾ ശ്രദ്ധിക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടി അത് ചെയ്യുന്നില്ലെന്നും നളിൽ കുറ്റപ്പെടുത്തി. "പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർക്ക് വ്യത്യസ്ത വഴികളുണ്ടെന്നേയുള്ളൂ, മംദാനിക്ക് വോട്ട് ചെയ്തവരും ഇതേ കാര്യങ്ങളാണ് പറയുന്നത്. ഡെമോക്രാറ്റുകൾ യുവജനങ്ങളെ കേൾക്കുന്നുണ്ട്, അത് റിപ്പബ്ലിക്കൻ പാർട്ടിയും ചെയ്യേണ്ട സമയമായി," നളിൻ കൂട്ടിച്ചേര്‍ത്തു.
നളിൻ ഹേലിക്ക് നിലവിൽ രാഷ്ട്രീയത്തിൽ സജീവമാകാൻ പദ്ധതിയില്ല. എങ്കിലും, തന്‍റെ തലമുറയ്ക്ക് മുൻ തലമുറകൾക്ക് ലഭിച്ച അതേ അവസരങ്ങൾ ലഭിക്കാൻ വേണ്ടി റിപ്പബ്ലിക്കൻ പാർട്ടിയെ സ്വാധീനിക്കാനാണ് നളിൻ ശ്രമിക്കുന്നത്. അമേരിക്കൻ തൊഴിലാളികൾക്ക് പ്രാധാന്യം നൽകുന്ന ക്രിസ്ത്യൻ ധാർമ്മികതയും അമേരിക്കൻ ദേശീയതയും സാമ്പത്തിക യാഥാർത്ഥ്യവും പാർട്ടി സ്വീകരിക്കണമെന്നാണ് നളിന്‍റെ ആവശ്യം.