
ലണ്ടൻ: തന്‍റെ ഓവർസീസ് സിറ്റിസൻഷിപ്പ് (OCI) റദ്ദാക്കിയെന്ന് പ്രൊഫസറും എഴുത്തുകാരിയുമായ നിതാഷ കൗൾ. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ പ്രൊഫസറാണ് നിതാഷ. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച അറിയിപ്പ് നിതാഷ കൗൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
താൻ ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ചരിത്രം വളച്ചൊടിച്ചെന്നുമാണ് കേന്ദ്ര സർക്കാർ അയച്ച കത്തിൽ പറയുന്നതെന്ന് നിതാഷ വിശദീകരിച്ചു. കത്ത് അവർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഫെബ്രുവരിയിൽ ബെംഗളൂരുവിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ നിതാഷ പ്രതികരിച്ചിരുന്നു. വിദ്വേഷത്തിനെതിരെ സംസാരിച്ചതിന് ഇന്ത്യയിലെ അക്കാദമിക് വിദഗ്ധരെ അറസ്റ്റ് ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് പുറത്തുള്ള അക്കാദമിക് വിദഗ്ധർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയാണെന്ന് നിതാഷ കൗൾ വിമർശിച്ചു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നിഷ്കർഷിക്കുന്ന ഓവർസീസ് പൌരത്വ നിയമ പ്രകാരം ഇന്ത്യൻ ഭരണഘടനയോട് അനാദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഏതൊരു വ്യക്തിയുടെയും ഒസിഐ രജിസ്ട്രേഷൻ ഇന്ത്യൻ സർക്കാരിന് റദ്ദാക്കാം. എന്നാൽ തനിക്കെതിരായ നീക്കം ജനാധിപത്യവിരുദ്ധവും പ്രതികാരബുദ്ധിയുമാണെന്നാണ് നതാഷയുടെ ആരോപണം. നിതാഷയുടെ ഓവർസീസ് സിറ്റിസൻഷിപ്പ് റദ്ദാക്കിയതിനെ കുറിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കശ്മീർ സ്വദേശിയായ നിതാഷ കൗള്‍ ദില്ലി സര്‍വകലാശാലയില്‍ നിന്നാണ് ഇക്കണോമിക്‌സില്‍ ബിരുദം നേടിയത്. പിന്നീട് പബ്ലിക് പോളിസി പ്രത്യേക വിഷയമായെടുത്ത് എംഎ പൂർത്തിയാക്കി. . ഇതിന് ശേഷം യുകെയിലെ ഹള്‍ സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടി. ഇപ്പോൾ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെമോക്രസിയുടെ ഡയറക്ടറാണ് നിതാഷ കൗൾ. കശ്മീരിനെ കുറിച്ച് 'റെസിഡ്യു', 'ഫ്യൂച്ചര്‍ ടെന്‍സ്' എന്നീ രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ഇന്ത്യൻ പൌരന്മാരായിരുന്നവർ പിന്നീട് വിദേശ പൌരത്വം നേടിയാൽ അവർക്ക് നൽകുന്ന ഇമിഗ്രേഷൻ സ്റ്റാറ്റസാണ് ഓവർസീസ് സിറ്റിസൻഷിപ്പ്. 1950 ജനുവരി 26 ന് ശേഷം ഇന്ത്യയിലെ പൗരന്മാരായിരുന്നവർക്ക് ഒസിഐ ആയി രജിസ്റ്റർ ചെയ്യാം. ഒസിഐ പ്രകാരം രജിസ്റ്റർ ചെയ്ത വിദേശ പൗരന് ഇന്ത്യ സന്ദർശിക്കുന്നതിന് മൾട്ടിപ്പിൾ എൻട്രി, മൾട്ടി പർപ്പസ്, ആജീവനാന്ത വിസ അനുവദിക്കും. ഇന്ത്യയിൽ സ്വത്ത് വാങ്ങിക്കൂട്ടാൻ കഴിയില്ലെങ്കിലും പല കാര്യങ്ങളിലും പ്രവാസി ഇന്ത്യക്കാർക്ക് തുല്യമായ അർഹതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam