ട്രംപ് പറഞ്ഞത് അസത്യമോ? കഴിഞ്ഞ ദിവസം മോദിയും ട്രംപും സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Published : Oct 16, 2025, 07:03 PM IST
Modi Trump

Synopsis

കഴിഞ്ഞ ദിവസം മോദിയും ട്രംപും സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ സംഭാഷണമോ ടെലിഫോൺ കോളോ നടന്നോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് വിദേശകാര്യ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഇന്നലെ ടെലിഫോണിൽ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ സംഭാഷണമോ ടെലിഫോൺ കോളോ നടന്നോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ രണ്ട് നേതാക്കളും തമ്മിൽ സംഭാഷണം നടന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഒരു സുഹൃത്താണ്. ഞങ്ങൾക്ക് ഒരു മികച്ച ബന്ധമുണ്ട്. ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനല്ല. റഷ്യയിൽ നിന്ന് അവർ എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നൽകിയെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അമേരിക്കക്ക് ഉറപ്പ് നൽകിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സ്ഥിരമായ മുൻഗണന നൽകും. ഇറക്കുമതി നയങ്ങൾ പൂർണ്ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. സ്ഥിരമായ ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഊർജ്ജ നയത്തിന്റെ ലക്ഷ്യങ്ങൾ. ഇതിൽ ഊർജ്ജ സ്രോതസ്സുകൾ വിശാലമാക്കുന്നതും വിപണി സാഹചര്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയിൽ വൈവിധ്യവൽക്കരിക്കുന്നതും ഉൾപ്പെടുന്നുവെന്നും അദ്ദേഹം പ്രസ്താവന കൂട്ടിച്ചേർത്തു.

വർഷങ്ങളായി ഞങ്ങളുടെ ഊർജ്ജ സംഭരണം വിപുലീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ ഇത് ക്രമാനുഗതമായി പുരോഗമിച്ചു. അമേരിക്കയിലെ നിലവിലെ ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ തുടരുകയാണെന്നും പറയുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണ് മറുപടിയുമായി ഇന്ത്യ രം​ഗത്തെത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഉണ്ടാകില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് അത് ഉടനടി ചെയ്യാൻ കഴിയില്ല. സങ്കീർണമായ പ്രക്രിയയായാണ്. പക്ഷേ പ്രക്രിയ ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'