
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിലും യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്ന് അമേരിക്കൻ സെനറ്റർ ലിൻസി ഗ്രാം. ഇറാനുമായുള്ള ഏത് നയതന്ത്ര ധാരണയിലും ഈ രണ്ട് കാര്യങ്ങൾ പ്രധാന നിബന്ധനകളായിരിക്കണമെന്നും മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇതാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രപരമായ നീക്കത്തിലൂടെയായാലും സൈനിക ഇടപെടലിലൂടെയായാലും ഈ ലക്ഷ്യങ്ങൾ നേടിയെടുക്കണമെന്നും ലിൻസി ഗ്രാം ആവശ്യപ്പെട്ടു. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വലിയൊരു തന്ത്രപ്രധാന വിജയത്തിന് അരികിലാണെന്നും സെനറ്റർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നയതന്ത്ര ധാരണയുണ്ടാകുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിലും യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് ലിൻസി ഗ്രാമിന്‍റെ പക്ഷം. ഇറാൻ യുദ്ധത്തിൽ 45 ദിവസത്തെ താത്കാലിക വെടിനിർത്തൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സെനറ്ററുടെ മുന്നറിയിപ്പ്.
ഇറാൻ യുദ്ധത്തിൽ 45 ദിവസത്തെ താത്കാലിക വെടിനിർത്തലിനുള്ള കരട് പദ്ധതി അമേരിക്കയും ഇറാനും പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്കാകും ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇറാൻ യുദ്ധത്തിലെ സുപ്രധാന പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. 'ഇസ്ലാമാബാദ് അക്കോർഡ്‌സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയതന്ത്ര പരിഹാരത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്നലെ നിർണ്ണായക ചർച്ചകൾ നടത്തിയിരുന്നു. സമാധാന കരാർ പദ്ധതിയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടനടി തുറക്കാനും 45 ദിവസത്തെ വെടിനിർത്തലിന് ശേഷം സ്ഥിരമായ സമാധാന കരാറിലെത്താനുമാണ് നിർദ്ദേശം. കരാർ യാഥാർത്ഥ്യമായാൽ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് വരുത്താനും സാധ്യതയുണ്ട്. വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും സമാധാന നീക്കങ്ങൾ സജീവമാണ്. ഈ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അടുത്ത 2 മണിക്കൂറിനുള്ളിൽ ട്രംപിന്‍റെ തീരുമാനം അറിയാമെന്ന പ്രതീക്ഷ യുദ്ധം തുടങ്ങി 45 നാൾ പിന്നിടുമ്പോൾ 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ പശ്ചിമേഷ്യക്കൊപ്പം ലോകത്തിന് തന്നെ വലിയ ആശ്വാസമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam