പരീക്ഷണത്തിലിരിക്കുന്ന വാക്സിനുകൾ ഫലപ്രദമാണെന്ന് ഉറപ്പ് നൽകാൻ സാധിക്കില്ല: ലോകാരോ​ഗ്യ സംഘടന

By Web TeamFirst Published Sep 24, 2020, 10:50 AM IST
Highlights

ഏകദേശം 200 ലധികം വാക്സിനുകളാണ് നിലവിൽ ക്ലിനിക്കൽ, പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. 


ജനീവ: ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിനുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള ഉറപ്പും നൽകാൻ കഴിയില്ലെന്ന് ലോകാരോ​ഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം​ ​ഗബ്രിയേസിസ്. വിർച്വൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പരീക്ഷണത്തിലിരിക്കുന്ന ഒരു വാക്സിനും ഫലപ്രദമാണെന്ന് ഉറപ്പ് നൽകാൻ സാധിക്കില്ല. കൂടുതൽ പരീക്ഷണങ്ങൾ നടത്തി വരികയാണ്. സുരക്ഷിതവും ഫലപ്രദവുമായി വാക്സിൻ ലഭിക്കാനുള്ള സാധ്യത വളരെ വലുതാണ്. ടെഡ്രോസ് കൂട്ടിച്ചേർത്തു. 

ഏകദേശം 200 ലധികം വാക്സിനുകളാണ് നിലവിൽ ക്ലിനിക്കൽ, പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. വാക്സിൻ പരീക്ഷണ ചരിത്രത്തിൽ ചിലത് പരാജയപ്പെടാനും ചിലത് വിജയിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐസിഎംആറിന്റെ സ​ഹായത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സ്.  ഗാവിയും ലോകാരോഗ്യ സംഘടനയും കോലിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രീപെറഡ്നസ് ഇന്നൊവേഷന്‍സും (സിഇപിഐ) ചേര്‍ന്നാണ് കൊവാക്സ് വികസിപ്പിക്കുന്നത്.

ലോകത്തെ എല്ലാ രാജ്യങ്ങളിലും കൊവിഡ് വാക്സിൻ എത്തിക്കുക എന്നതാണ് ലക്ഷ്യം. മഹാമാരിയെ നിയന്ത്രണത്തിലാക്കാനും ജീവൻ രക്ഷിക്കാനും അതുവഴി സാമ്പത്തികരം​ഗത്തെ വീണ്ടെടുക്കൽ സാധ്യമാക്കാനുമുള്ള പ്രവർത്തനങ്ങളാണ് പുരോ​ഗമിക്കുന്നത്. 

click me!