
ലണ്ടൻ: നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിൽ വിട്ടാൽ ഒളിവിൽപ്പോവാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. നീരവ് മോദിയുടെ ഭാര്യ എമിക്കെതിരെയും അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വാറൻറ്. ഭാര്യ എമിയും നീരവിനൊപ്പം രാജ്യം വിട്ടിരുന്നു. നീരവ് മോദിയുടെ ഇന്ത്യയിലെ സ്വത്തുക്കൾ ലേലം ചെയ്യാനുള്ള നീക്കവും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയിട്ടുണ്ട്.
വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോദി ഇന്ന് ലണ്ടനിൽ അറസ്റ്റിലായിരുന്നു. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നീരവ് മോദി ലണ്ടനിൽ സ്വൈരജീവിതം നയിക്കുന്നു എന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. നരേന്ദ്രമോദി നീരവ് മോദിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിഷയമായി ഈ തട്ടിപ്പ് മാറുന്നതിനിടെയുള്ള നീരവ് മോദിയുടെ അറസ്റ്റ് ബിജെപിക്ക് ആശ്വാസമായി.
ഇന്ത്യയിലെ എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്നായിരുന്നു എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യം. 2018 ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്‍റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലണ്ടൻ കോടതിയ്ക്ക് മുമ്പാകെ വച്ചത്. യു കെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ ഒപ്പു വച്ചു.
നീരവ് മോദിയെ അറസ്റ്റ് ചെയ്താൽ വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ വിചാരണ തുടങ്ങാം. കോടതിയ്ക്ക് നീരവിനെ കൈമാറാൻ അനുവദിച്ചുകൊണ്ട് ഈ കോടതിയ്ക്ക് വിധി പുറപ്പെടുവിക്കാനാകും. ഈ മാസം ആദ്യവാരം ടെലഗ്രാഫ് ദിനപത്രത്തിന്‍റെ ലേഖകർ നീരവ് മോദിയെ കണ്ടപ്പോൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം 'നോ കമന്‍റ്സ്' എന്ന് മാത്രമായിരുന്നു മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam