
പ്യോംഗ്യാംഗ് : രണ്ടു മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാവുന്ന ലോഞ്ചറുകള്‍ കൊറിയയുടെ കിഴക്കൻ തീരത്തുനിന്ന് പരീക്ഷിച്ചതായി ഉത്തരകൊറിയ. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഉത്തര കൊറിയ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഒരുമാസത്തിനിടെ ഏഴാമത്തെ മിസൈൽ പരീക്ഷണമാണിത്. പുതിയ സൂപ്പർലാർജ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിന്റെ വിജയകരമായ പരീക്ഷണം, ഉത്തരകൊറിയൻ ശാസ്ത്രജ്ഞർ ഒരുക്കിയ അദ്ഭുതമാണെന്ന് പ്യോംഗ്യാംഗ് പറഞ്ഞു.
അമേരിക്കയുമായി സംഘർഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ മിസൈലുകളുടെയും അനുബന്ധ ആയുധങ്ങളുടെയും പരീക്ഷണം തുടരുന്നത്. കഴിഞ്ഞയാഴ്ച അവസാനിച്ച യുഎസ്, ഉത്തരകൊറിയ സൈനിക അഭ്യാസത്തിനുശേഷം കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. യുഎസും ഉത്തരകൊറിയയും വൈകാതെ ആണവനിരായുധീകരണ ചർച്ച പുനരാരംഭിക്കുമെന്ന് ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഉത്തരകൊറിയയിലെ യുഎസ് പ്രതിനിധി സ്റ്റീഫൻ ബീഗണുമായി സിയൂളിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് ദക്ഷിണകൊറിയൻ ദേശീയ സുരക്ഷാ ഉപമേധാവി കിം ഹ്യൂൻ ചോങ് ഇക്കാര്യം പറഞ്ഞത്.
വിയറ്റ്നാമിൽ നടന്ന ട്രംപ്-കിം ഉച്ചകോടി പരാജയപ്പെട്ടതിനെത്തുടർന്ന് ആണവ ചർച്ചകൾ സ്തംഭിച്ചിരിക്കുകയായിരുന്നു. ഇതിനിടെ, വാഷിംഗ്ടണും സിയൂളും ചേർന്നു സൈനികാഭ്യാസം നടത്തിയതിൽ പ്രതിഷേധിച്ച് പ്യോംഗ്യാംഗ് നിരവധി മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam