കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; പ്രധാനമന്ത്രിക്ക് പിഴ ചുമത്തി നോർവീജിയന്‍ പൊലീസ്

By Web TeamFirst Published Apr 9, 2021, 4:16 PM IST
Highlights

ആഘോഷപരിപാടികൾക്ക് പരമാവധി പത്ത് പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിയമം നിലനിൽക്കേ കുടുംബാം​ഗങ്ങളായ 13 പേരാണ് പിറന്നാൾ ആഘോഷത്തിന് ഒരുമിച്ചു ചേർന്നത്. 

ഓസ്ലോ: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിക്കെതിരെ നടപടി സ്വീകരിച്ച് നോർവീജിയൻ പൊലീസ്. പ്രധാനമന്ത്രി ഏണ സോൾബെ​ഗിനാണ് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്. സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങളാണ് പ്രധാനമന്ത്രി ലംഘിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചു. ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷപരിപാടിയിലാണ് ചട്ടലംഘനം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.  ‌‌‌‌‌

20,000 നോര്‍വീജിയന്‍ ക്രൗണ്‍ (1.76 ലക്ഷം രൂപ) ആണ് പിഴ ചുമത്തിയതെന്ന് പോലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഘോഷപരിപാടികൾക്ക് പരമാവധി പത്ത് പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിയമം നിലനിൽക്കേ കുടുംബാം​ഗങ്ങളായ 13 പേരാണ് പിറന്നാൾ ആഘോഷത്തിന് ഒരുമിച്ചു ചേർന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അറുപതാം പിറന്നാൾ ആഘോഷങ്ങൾ. സംഭവം വിവാദമായപ്പോൾ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. 

ഇത്തരത്തിലുള്ള മിക്ക സംഭവങ്ങളിലും സാധാരണ പിഴ ചുമത്താറില്ലെന്നും എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കാര്യത്തിൽ മാതൃകാപരമായ നടപടിയെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. 'നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ നിയമത്തിനു മുന്നില്‍ എല്ലാവരും ഒരുപോലെയല്ല', പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചുകൊണ്ട് ഓലെ സീവേഡ് പറഞ്ഞു. സാമൂഹിക നിയന്ത്രണങ്ങളെക്കുറിച്ചുള്ള നിയമങ്ങളിൽ പൊതുജനങ്ങൾക്ക് വിശ്വാസം ഉറപ്പാക്കുന്നതിനും കൂടി വേണ്ടിയാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സംഭവത്തെക്കുറിച്ചുള്ള ഔദ്യോ​ഗിക പ്രതികരണം എത്തിയിട്ടില്ല. കൊറോണ വൈറസ് ബാധ തടയുന്നതിനായി കർശനമായ നിയന്ത്രണങ്ങളാണ് നോർവീജിയയിൽ നടപ്പിലാക്കിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും കുറവ് കൊവിഡ് രോ​ഗബാധയും മരണവും നടക്കുന്ന രാജ്യമായിരുന്നു നോർവീജിയ. എന്നാൽ 2021 തുടക്കത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം ആശങ്കാജനകമാം വിധിത്തിൽ വർദ്ധിച്ചിരുന്നു. ഇതിനെ തുടർന്ന് മാർച്ച് മുതൽ ഇവിടെ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. 

click me!