
സോൾ: ഉത്തര കൊറിയക്ക് വരാനിരിക്കുന്നത് വനിതാ ഏകാധിപതിയെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. എന്നാൽ കിം ജോംഗിന് പിൻഗാമിയായ സഹോദരിയല്ല സ്വന്തം മകളെത്തുമെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ട്. പിൻഗാമിയായി മകൾ കിം ജുവിനെ പ്രഖ്യാപിക്കാൻ കിം ജോംഗ് ഉൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. നയപരമായ കാര്യങ്ങളിലടക്കം കിം ജുവിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിത്തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസികളുടെ വാദം. വരാനിരിക്കുന്ന വർക്കേഴ്സ് പാർട്ടി സമ്മേളനത്തിൽ ഇത് സംബന്ധിയായ നിർണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് നിരീക്ഷണം.
നേരത്തെ കിം ജു പലപ്പോഴായി ആയുധ പ്രദര്‍ശനത്തിനും സൈനിക പരേഡിനും കിം ജോംഗ് ഉന്നിനൊപ്പം എത്തിയിരുന്നു. പൊതുപരിപാടികളിലെ കിം ജുവിന്റെ സാന്നിധ്യം കൂടുന്നതാണ് സ്ഥാന കൈമാറ്റത്തിന്റെ അടയാളമായി വിലയിരുത്തപ്പെടുന്നത്. കിമ്മിന്റെ ആരോഗ്യസ്ഥിതി ആശങ്കയിലാണെന്ന് നേരത്തെ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സമയങ്ങളിൽ കിമ്മിന്റെ സഹോദരിയായ കിം യോ ജോംഗ് അധികാരത്തിലേക്ക് എത്തുമെന്നായിരുന്നു അന്തർ ദേശീയതലത്തിൽ വന്ന വാർത്തകൾ. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തള്ളുന്നതാണ് നിലവിലെ സൂചനകൾ. സഹോദരിയേയല്ല മകളെയാണ് കിം പിൻഗാമി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നത്.
കിം ജോംഗ് ഉന്നിന്റെ ഏറ്റവും വിശ്വസ്തയായ അനുയായികളിൽ ഒരാളാണ് സഹോദരി കിം യോ ജോംഗ്. കിമ്മിനേക്കാൾ ക്രൂരയാണ് സഹോദരിയെന്ന തരത്തിൽ നേരത്തെ വാർത്തകളും വന്നിരുന്നു. എന്നാൽ കൌമാരക്കാരിയായ മകളുമായുള്ള കിമ്മിന്റെ പരിപാടികളിലെ സാന്നിധ്യം സഹോദരി പിൻഗാമിയാകാനുള്ള സാധ്യതകളെ തള്ളുകയാണ്. ഫെബ്രുവരി അവസാനത്തിൽ നടക്കുന്ന വർക്കേഴ്സ് പാർട്ടി യോഗത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam