
ഭുവനേശ്വർ: ഹോർമുസ് കടലിടുക്കിൽ വെച്ചുണ്ടായ വെടിവെയ്പ്പിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട എണ്ണക്കപ്പൽ ഒഡീഷയിലെ പാരദ്വീപ് തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. ഇറാഖിൽ നിന്നുള്ള ഏകദേശം 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി എത്തിയ 'എം.ടി സൻമാർ ഹെറാൾഡ്' എന്ന കപ്പലാണ് അപകടങ്ങൾ അതിജീവിച്ച് ഇന്ത്യൻ തീരത്ത് എത്തിയത്.
ഇറാഖിൽ നിന്നുള്ള 'ബസ്ര മീഡിയം', 'ബസ്ര ഹെവി' ഇനങ്ങളിൽപ്പെട്ട അസംസ്‌കൃത എണ്ണയുമായാണ് കപ്പൽ യാത്ര തിരിച്ചത്. എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ അതിർത്തിയോട് ചേർന്നുള്ള ഭാഗത്തു വെച്ച് കപ്പലിന് നേരെ വെടിവെയ്പ്പ് ഉണ്ടാവുകയായിരുന്നു. ആക്രമണത്തിൽ കപ്പലിന്റെ മുൻഭാഗത്തിന് വെടിയുണ്ടകളുടെ ചില്ലുകൾ തെറിച്ച് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിന്റെയും അതിലെ ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി കപ്പൽ ഉടൻ തന്നെ റൂട്ട് മാറ്റുകയും പിന്നീട് മറ്റ് സുരക്ഷാ വീഴ്ചകൾ കൂടാതെ വിജയകരമായി ഇന്ത്യൻ തീരത്തേക്ക് യാത്ര തുടരുകയുമായിരുന്നു.
ഒഡീഷ തീരത്ത് എത്തിയ കപ്പൽ പാരദ്വീപ് തുറമുഖത്ത് നിന്നും 22 കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ടു. തുടർന്ന് തുറമുഖത്തെ സിംഗിൾ പോയിന്‍റെ മൂറിംഗ് സംവിധാനം വഴി എണ്ണ പുറത്തെടുക്കുന്ന നടപടികൾ ആരംഭിച്ചു. കപ്പലിന്‍റെ യാത്രയിലുടനീളം ഇന്ത്യൻ നാവികസേനയുമായി കൃത്യമായ ആശയവിനിമയവും ഏകോപനവും ഉണ്ടായിരുന്നുവെന്ന് പാരദ്വീപ് പോർട്ട് അതോറിറ്റി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ക്യാപ്റ്റൻ ഉൾപ്പെടെ 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കടുത്ത യുദ്ധപ്രതിസന്ധികൾക്കിടയിലും ധീരതയോടെ കപ്പൽ സുരക്ഷിതമായി എത്തിച്ച ജീവനക്കാരെ പാരദ്വീപ് പോർട്ട് അധികൃതർ നേരിട്ടെത്തി ആദരിച്ചു. ‘ഈ കടുത്ത പ്രതിസന്ധി ഘട്ടത്തിലും കപ്പലിന്റെ ക്യാപ്റ്റനും ജീവനക്കാരും അസാധാരണമായ പ്രൊഫഷണലിസവും സുരക്ഷയോടുള്ള പ്രതിബദ്ധതയുമാണ് കാണിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതോടെ കപ്പൽ യാത്ര പുനരാരംഭിക്കുകയും പാരദ്വീപിൽ സുരക്ഷിതമായി എത്തുകയും ചെയ്തു. ഏറ്റവും പ്രധാനമായി, കപ്പലിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്,’- പോർട്ട് അതോറിറ്റി അറിയിച്ചു. കപ്പൽ ക്യാപ്റ്റനോ മറ്റ് ജീവനക്കാരോ നിലവിൽ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam