
പശ്ചിമേഷ്യയിൽ അശാന്തി പടർത്തിയ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലും പ്രത്യാക്രമണം തുടരുകയാണ്. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ എണ്ണം 300 കടന്നു. 1590 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ബന്ദികളാക്കിയ ഇസ്രയേലി സൈനികരിൽ ചിലരെ ഗാസയിലെ ഒളിത്താവളങ്ങളിൽ എത്തിച്ചെന്ന് ഹമാസ് പറഞ്ഞു. ചുരുങ്ങിയത് 50 ഇസ്രയേലി പൗരന്മാരെങ്കിലും ഇപ്പോഴും ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ ബോംബുകളും മിസൈലുകളും തൊടുത്ത് ഗാസയിൽ തീമഴ പെയ്യിച്ച ഇസ്രയേലിന്റെ ആക്രമണത്തിലും 250 ഓളം പേർ ഇന്നലെ മാത്രം കൊല്ലപ്പെട്ടു. ജനങ്ങൾ വീട് വിട്ടു പോകണമെന്ന് ഗാസയിലെ പല മേഖലകളിലും ഇസ്രയേൽ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. എന്തൊക്കെയാണ് ഇസ്രായേലിൽ ഇത്തരമൊരു ആക്രമണം നടത്താൻ ഹമാസിന് ധൈര്യം നൽകിയത്?
ഇസ്രായേലിൽ ഇങ്ങനെ ഒരു ആക്രമണത്തിന് ഹമാസ് പറയുന്നത് രണ്ടു കാരണങ്ങളാണ്. ഒന്ന്, ഇന്നോളം ഇസ്രായേൽ എന്ന അധിനിവേശ രാജ്യം പലസ്തീനി പൗരന്മാരോട് പ്രവർത്തിച്ചിട്ടുള്ള ക്രൂരതകൾക്കുള്ള പ്രതികാരം. രണ്ട്, തങ്ങളുടെ വിശുദ്ധ ആരാധനാലയമായ അൽ അക്സ പള്ളിക്കു നേരെ ഇസ്രായേലി സൈന്യം നിരന്തരം നടത്തിവരുന്ന കടന്നാക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇത്.
കഴിഞ്ഞ വർഷങ്ങളിൽ അൽ അക്സ പള്ളിയിലേക്ക് അവരുടെ വിശുദ്ധ ദിനങ്ങളിൽ കടന്നുകയറി ഇസ്രായേലി സൈന്യം പലസ്തീനി വിശ്വാസികളെ മർദ്ദിക്കുന്നതിന്റെയും ഷെല്ലിങ്ങും ബോംബിങ്ങും നടത്തുന്നതിന്റെയും ദൃശ്യങ്ങൾ നിരവധി തവണ പുറത്തുവന്നിട്ടുണ്ട്. അൽ അക്സ പള്ളിയുടെ പേരിൽ തുടങ്ങുന്ന കലാപങ്ങൾ തെരുവുകളിലേക്ക് നീളുന്നതും തുടർക്കഥയാണ്. 2023 ഓഗസ്റ്റ് വരെ ഇസ്രായേലി സൈന്യത്താൽ കൊല്ലപ്പെട്ടിട്ടുള്ളത് 172 പലസ്തീനി പൗരന്മാരാണ്. അതിൽ 38 പേർ കുട്ടികളാണ്.
'ഓപ്പറേഷൻ അൽ അക്സ പ്രളയം' എന്ന് ഈ ആക്രമണ പരമ്പരയെ വിളിച്ചുകൊണ്ട് ഹമാസിന്റെ സായുധവിഭാഗം തലവനായ മുഹമ്മദ് ദിയെഫ് പറഞ്ഞതും, ഇത് പലസ്തീനികളുടെ വിപ്ലവത്തിന്റെ ആരംഭം എന്നാണ്. ഇത്രയും നാൾ തമ്മിൽ ഒളിയുദ്ധങ്ങൾ നടത്തിയിരുന്ന ഹമാസും ഇസ്രയേലും പെട്ടെന്നിങ്ങനെയൊരു ദിവസം നേർക്കുനേർ പോരാട്ടത്തിലേക്ക് പൊട്ടിവീണത് എന്തുകൊണ്ടാവും?
എന്തുകൊണ്ടും ഹമാസിന് ഇസ്രയേലിനെ ആഞ്ഞു പ്രഹരിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യമാണ് ഇസ്രായെലിലും ലോകത്തിൽ തന്നെയും നിലവിലുള്ളത്. ജുഡീഷ്യറിക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള നെതന്യാഹു ഗവണ്മെന്റ് കൊണ്ടുവന്ന ബില്ലിനെതിരെ ജറുസലേം മുതൽ ഹൈഫ വരെയും ടെൽ അവീവ് മുതൽ ബീർശേബ വരെയുമുള്ള നഗരങ്ങളിൽ വമ്പിച്ച പ്രതിഷേധങ്ങൾ അരങ്ങേറിയത് മാസങ്ങൾക്ക് മുമ്പ് മാത്രമാണ്.
ഇസ്രായേലിലെ ഇരുപതു ലക്ഷത്തോളം വരുന്ന അറബ് വംശജരുടെ പ്രതിനിധികളെക്കൂടി സഖ്യത്തിൽ എടുത്തുകൊണ്ട് ഭരിച്ച നാഫ്താലി ബെന്നറ്റിനെപ്പോലുള്ള തന്റെ പൂർവസൂരികളെക്കാൾ എത്രയോ താഴെയാണ് നിലവിൽ നെതന്യാഹുവിന്റെ ജനപ്രീതി. ഇങ്ങനെ നാട്ടിലെ രാഷ്ട്രീയ അസ്ഥിരത മൊസാദിന്റെ ജാഗ്രതയിൽ ഉണ്ടാക്കിയ കുറവ്, മുതലെടുത്തുകൊണ്ടാണ് ഇസ്രായേലിന്റെ ചരിത്രത്തിൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത വിധം ഒരു ഷോക്ക് ഉണ്ടാക്കാൻ ഈ ആക്രമണത്തിലൂടെ ഹമാസിന് സാധിച്ചത്.
നിലവിലെ ആക്രമണത്തിന് യുക്രെയിൻ യുദ്ധത്തിലെ റഷ്യയുടെ പരുങ്ങലും പരോക്ഷമായെങ്കിലും ഈ ആക്രമണങ്ങൾക്ക് ധൈര്യം പകർന്നിട്ടുണ്ടാവും. റഷ്യയുടെ യുക്രെയിൻ അധിനിവേശമായി തുടങ്ങി, നെറ്റോ റഷ്യ യുദ്ധമായി എത്തി നിൽക്കുന്ന പോരാട്ടം ഇത് 85 ആഴ്ച പിന്നിട്ടിരിക്കുകയാണ്. റഷ്യക്ക് ആകെ പിന്തുണയായുള്ള ഇറാൻ തന്നെയാണ് കാലങ്ങളായി ഹമാസിന്റെയും ആവനാഴികൾ നിറയ്ക്കുന്നത്. ഹമാസ് പോലുള്ള സംഘടനകളെ പിന്തുണച്ച ചരിത്രമില്ലാത്ത റഷ്യയെക്കൊണ്ട് പരോക്ഷമായെങ്കിലും തങ്ങളെ പിന്തുണപ്പിക്കാനുള്ള ഒരവസരമായും ഹമാസ് ഇതിനെ കണ്ടിരിക്കാം.
18 ലക്ഷം ഫലസ്തീനികൾ അധിവസിക്കുന്ന ഗാസ സ്ട്രിപ്പിൽ, നാൽപതിനായിരത്തോളം പരിശീലനം സിദ്ധിച്ച സായുധ പോരാളികളുടെ അംഗബലമുണ്ട് എന്നവകാശപ്പെടുന്ന ഹമാസിനെ സംബന്ധിച്ചിടത്തോളം ഏതാനും ആയിരം ഗറില്ലാ ചാവേർ പോരാളികളെ ഇസ്രയേലിന്റെ മണ്ണിലേക്ക് കയറ്റിവിടുക എന്നത് നിസ്സാരമായ ഒരു കാര്യമാണ്. അതുകൊണ്ട് അവർ ഉദ്ദേശിച്ച "ഷോക്ക് വാല്യൂ" അവർ നേടിക്കഴിഞ്ഞു. ഓർക്കാപ്പുറത്തേറ്റ അടിയിൽ ഇസ്രയേലും ഒന്ന് പതറിയിട്ടുണ്ട്.
Read more: ഹമാസ് ഒറ്റയ്ക്കല്ല; ഇസ്രയേലിന് ഉള്ളിൽ കയറി ആക്രമിക്കാൻ സഹായം കിട്ടിയത് ഇറാനിൽ നിന്ന്: വെളിപ്പെടുത്തൽ
എങ്കിലും, സുശക്തമായ ഇസ്രായേലി സൈന്യത്തിനും തിരിച്ചടി ഒരു പ്രശ്നമേ ആവാൻ പോകുന്നില്ല. "ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്" എന്ന പേരിൽ ഐഡിഎഫ് ആരംഭിച്ചിട്ടുള്ള പ്രത്യാക്രമണത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വരാൻ പോകുന്നത് മുൻപിൻ നോക്കാതെയുള്ള കാർപെറ്റ് ബോംബിങ്ങുകളാണ്. അതിൽ പൊലിയാൻ പോകുന്നത്, നിലവിലെ സംഘർഷവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ പലസ്തീനികളുടെ ജീവനും.