
ദില്ലി: ഇസ്രയേൽ - ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലെയും ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള 'ഓപ്പറേഷൻ സിന്ധു' പുരോഗമിക്കുന്നു. ഓപ്പറേഷൻ സിന്ധുവഴി ഇതുവരെ രാജ്യത്ത് 1117 പേർ തിരിച്ചെത്തി. ഒരു മലയാളിയടക്കമുള്ളവരാണ് ഇതുവരെ തിരിച്ചെത്തിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്നലെ രാത്രി 11.30 ന് എത്തിയ വിമാനത്തിൽ 290 പേരാണ് രാജ്യത്ത് തിരിച്ചെത്തിയത്. 'ഓപ്പറേഷൻ സിന്ധു' വഴി ഇന്ന് രണ്ട് വിമാനങ്ങൾ കൂടി എത്തും. ഈ വിമാനത്തിൽ മലയാളികളൊന്നുമില്ല.
ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ടെലഗ്രാം വഴിയോ, ഹെൽപ്‌ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്നാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്.
തിരിച്ചെത്തിയ മലയാളി മലപ്പുറം സ്വദേശി ഫാദില
ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനത്തിലാണ് ഒരു മലയാളിയും ദൗത്യത്തിന്റെ ഭാഗമായി രാജ്യത്ത് മടങ്ങിയെത്തിയത്. ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയത്. ഫാദിലയെ സ്വീകരിക്കാൻ കേരള ഹൗസ് അധികൃതരും അച്ഛനും വിമാനത്താവളത്തിൽ എത്തിയിരുന്നു. എംബസി അധികൃതർ മകൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയെന്ന് ഫാദിലയുടെ അച്ഛൻ പറഞ്ഞു.
ആക്രമണത്തിൽ പങ്കുചേർന്ന് അമേരിക്ക, ആശങ്ക കനക്കുന്നു
അതേസമയം ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യയിലാകെ ആശങ്ക കനക്കുകയാണ്. ഇറാന്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളിൽ യു എസ് യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം. ബി 2 ബോംബർ ഉപയോഗിച്ചതായി സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ദൗത്യം വിജയകരമെന്നാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് നൽകിയിട്ടുണ്ട്. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. മൂന്ന് കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും ആക്രമണം വലിയ സൈനിക വിജയമെന്നുമാണ് അമേരിക്ക വിശദമാക്കുന്നത്. 40 വർഷമായി ഇറാൻ അമേരിക്കയ്ക്ക് എതിരെ പ്രവർത്തിക്കുന്നു. ഒട്ടേറെ നിരപരാധികളെ കൊലപ്പെടുത്തിയെന്നും ട്രംപ് വിശദമാക്കി. ഇറാൻ സമാധാനത്തിന് തയ്യാറാകണം ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ ഇറാനിൽ ആക്രമണം തുടങ്ങി പത്താം നാളിലാണ്യു എസും നേരിട്ട് പങ്കാളിയായത്. ഇതോടെ മേഖലയിലാകെ ആശങ്കയും ശക്തമായിട്ടുണ്ട്.