
ദില്ലി: ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരൻ്റെ സംസ്കാര ചടങ്ങിനിടെ വീട്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ മഹാദേവിലൂടെ ഇന്ത്യൻ സൈന്യം വധിച്ച ഹബീബ് താഹിറിൻ്റെ സംസ്കാര ചടങ്ങിനിടെയാണ് പാക് അധീന കശ്മീരിലെ വീട്ടിൽ ലഷ്‌കർ-തൊയ്ബ ഭീകരർക്കെതിരെ വൻ പ്രതിഷേധം ഉയർന്നത്.
പാക് അധീന കശ്മീരിലെ കുയ്യാൻ സ്വദേശിയായിരുന്നു ഹബീബ് താഹിർ. ഇയാളെ പരീശീലിപ്പിച്ച് കൊടും ഭീകരനാക്കി വളർത്തിയത് ലഷ്‌കർ-ഇ-തൊയ്ബെ ആയിരുന്നു. ജൂലൈ 28 ന് ശ്രീനഗറിലെ ഹർവാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളടക്കം മൂന്ന് പേരെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അബു താഹിർ ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്.
ജൂലൈ 30 ന് പാക് അധീന കശ്മീരിലെ ഇയാളുടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു. ഇതിനിടെ ലഷ്‌കർ-ഇ-തൊയ്ബെ കമ്മാൻഡർ റിസ്‌വാൻ ഹനീഫ് ആയുധധാരികളായ ഭീകര സംഘാംഗങ്ങൾക്കൊപ്പം ഇവിടെയെത്തി. എന്നാൽ ഹബീബ് താഹിറിൻ്റെ മരുമകൻ തോക്കുമായി വന്ന് ലഷ്‌കർ ഭീകരരെ വെല്ലുവിളിച്ചു, വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇയാളെ പിന്തുണച്ച് ബന്ധുക്കളും നാട്ടുകാരും മുന്നോട്ട് വന്നു. ഇതോടെ നാണംകെട്ട് റിസ്‌വാൻ ഹനീഫ് ഇവിടെ നിന്നും ഇറങ്ങിപ്പോയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ലഷ്‌കർ-ഇ-തൊയ്ബെയുടെ അടക്കം പ്രധാന ഭീകരരെ ഇന്ത്യ വധിച്ചിരുന്നു. ലഷ്‌കർ-ഇ-തൊയ്ബെയുടെ പാകിസ്ഥാനിലെ മുറിദ്കെയിലെ ആസ്ഥാനത്ത് വച്ചാണ് പഹൽഗാം ഭീകരർക്ക് പരിശീലനം കിട്ടിയതെന്നാണ് ഇന്ത്യൻ സൈന്യം നേരത്തെ പറഞ്ഞത്.