
വാഷിംഗ്ടൺ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിലെ പാക് പ്രവാസികളുടെ പ്രതിഷേധം. അസിം മുനീർ താമസിച്ചിരുന്ന ഫോർ സീസൺസ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയ പാകിസ്ഥാൻ പ്രവാസികൾ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. 'ഭീരു, കൂട്ടക്കൊലപാതകി, പാകിസ്ഥാനികളുടെ കൊലയാളി' എന്നും പ്രതിഷേധക്കാർ മുനീറിനെ വിശേഷിപ്പിച്ചു. പാകിസ്ഥാനിൽ തടസ്സമ്മില്ലാത്ത ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഹോട്ടലിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിഷേധക്കാരെ ഹോട്ടൽ അധികൃതർ തടഞ്ഞു.
അതേസമയം, ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) ആണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. ‘കൂട്ടക്കൊലയാളി അസിം മുനീർ, തോക്കുകൾ സംസാരിക്കുമ്പോൾ ജനാധിപത്യം മരിക്കുന്നു, അസിം മുനീർ, നിങ്ങളുടെ സമയം കഴിഞ്ഞു - പാകിസ്ഥാൻ ഉയരും, ജനാധിപത്യ പാകിസ്ഥാനുവേണ്ടിയുള്ള പ്രസ്ഥാനം’ എന്നീ വാചകങ്ങൾ മൊബൈൽ ബിൽബോർഡുമേന്തിയാണ് പ്രതിഷേധക്കാർ എത്തിയത്.
ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നാലും കീഴടങ്ങില്ലെന്ന് ഇമ്രാൻ നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. എത്ര വലിയ പീഡനങ്ങൾ നേരിട്ടാലും, ഞാൻ ഒരിക്കലും കീഴടങ്ങില്ലെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് പാകിസ്ഥാൻ സൈനിക മേധാവി യുഎസിലെത്തിയത്. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് അസിം മുനീറിന്റെ സന്ദർശനം.