
മാഞ്ചെസ്റ്റർ: ബ്രിട്ടനിൽ ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ ആശ്വാസ ഇടവേളയെടുത്ത് പാക് വംശജനായ ഡോക്ടർ. ഓപ്പറേഷൻ റൂമിന് തൊട്ട് അടുത്ത മുറിയിൽ നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടായിരുന്നു 44 കാരന്റെ ആശ്വാസ ഇടവേള. എന്നാൽ വിവരം അറിയാതെ മറ്റൊരു സഹപ്രവർത്തകൻ ഈ മുറിയിലേക്ക് എത്തിയതോടെയാണ് സംഭവം പുറത്തായത്. 2023 സെപ്തംബറിൽ നടന്ന സംഭവത്തിന് പിന്നാലെ 44കാരനായ ഡോ സുഹൈൽ അൻജുമിന്റെ ഫിറ്റ്നെസ് റദ്ദാക്കിയിരുന്നു. ഗ്രേറ്റർ മാഞ്ചെസ്റ്ററിലെ ടാംസൈഡ് ആശുപത്രിയിലാണ് മെഡിക്കൽ എത്തിക്സുകൾക്ക് ഘടക വിരുദ്ധമായ സംഭവ നടന്നത്. വീണ്ടും ബ്രിട്ടനിൽ ജോലി ചെയ്യാനായി ഡോ സുഹൈൽ അൻജും അപേക്ഷ നൽകിയതിന് പിന്നാലെയാണ് സംഭവം പുറത്ത് വന്നത്. മാഞ്ചെസ്റ്ററിലെ ജനറൽ മെഡിസിൻ കൗൺസിലിൽ സമർപ്പിച്ച അപേക്ഷയിൽ താൻ ചെയ്ത ഗുരുതര പിഴവിനേക്കുറിച്ച് കുറ്റസമ്മതം നടത്തിയ ഡോ സുഹൈൽ അൻജും അന്നത്തെ പ്രവർത്തി നാണം കെട്ട പ്രവർത്തിയെന്നാണ് വിശദമാക്കിയത്. ടാംസൈഡ് ആശുപത്രിയിലെ കൺസൾട്ടന്റെ അനസ്തേഷ്യ വിദഗ്ധനായിരുന്നു ഡോ. സുഹൈൽ അൻജും. തനിക്ക് ആശ്വാസ ഇടവേള വേണമെന്നും ഒപ്പം വരണമെന്നും ശസ്ത്രക്രിയയിൽ സഹായിച്ചുകൊണ്ടിരുന്ന ഒരു നഴ്സിനോട് പറഞ്ഞ ശേഷം ഡോ സുഹൈൽ അൻജും ഓപ്പറേഷൻ തിയറ്ററിന് വെളിയിലേക്ക് പോവുകയായിരുന്നു. ഇതിന് പിന്നാലെ തൊട്ട് അടുത്തുള്ള ഒഴിഞ്ഞു കിടക്കുന്ന ഓപ്പറേഷൻ തിയേറ്ററിലായിരുന്നു ഡോ സുഹൈൽ അൻജുമിന്റെ ഹീനപ്രവർത്തി.
വിവാദ നടപടിയിൽ ഉൾപ്പെട്ട നഴ്സിനേയും മാഞ്ചെസ്റ്ററിലെ ജനറൽ മെഡിസിൻ കൗൺസിലിൽ ഹിയറിംഗിന് വിളിപ്പിച്ചതായാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായി ഈ ഓപ്പറേഷൻ തിയറ്ററിലേക്ക് എത്തിയ മറ്റൊരു നഴ്സ് ഡോ സുഹൈൽ അൻജുമിനെയും ഡ്യൂട്ടിയിലുള്ള നഴ്സിനേയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണുകയായിരുന്നു. എട്ട് മിനിറ്റിലേറെ നേരം ഓപ്പറേഷൻ തിയറ്ററിന് പുറത്ത് പോയ ഡോ സുഹൈൽ അൻജും ഇതിന് പിന്നാലെ ഓപ്പറേഷൻ തിയറ്ററിലേക്ക് തിരിച്ചെത്തി ശസ്ത്രക്രിയയുടെ ഭാഗമായിരുന്നു. വിവാദ സംഭവം കണ്ട നഴ്സ് പരാതി നൽകിയതോടെയാണ് മെഡിക്കൽ കൗൺസിൽ സംഭവം അറിഞ്ഞത്. ഡോക്ടർ എന്ന നിലയിൽ ജോലി ചെയ്യാനുള്ള ഫിറ്റ്നെസ് ലഭിക്കുമോയെന്നത് സംബന്ധിയായ ഹിയറിംഗിലാണ് താൻ ചെയ്ത നീചമായ പ്രവർത്തിയേക്കുറിച്ച് ഡോ സുഹൈൽ അൻജും കുറ്റസമ്മതം നടത്തിയത്.
ഗുരുതരാവസ്ഥയിലുണ്ടായിരുന്ന രോഗിയുടെ ജീവൻ അപകടത്തിലാക്കുന്നതായിരുന്നു തന്റെ ആശ്വാസ ഇടവേളയെന്നാണ് ഡോ സുഹൈൽ അൻജും കൗൺസിലിൽ വിശദമാക്കിയത്. തന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ഒരു പിഴവ് പരിഗണിച്ച് വീണ്ടും ലണ്ടനിൽ ജോലി ചെയ്യാനുള്ള ആഗ്രഹം നിരാകരിക്കകരുതെന്നാണ് ഡോ സുഹൈൽ അൻജും മെഡിക്കൽ കൗൺസിലിനോട് ആവശ്യപ്പെട്ടുള്ളത്. എൻഎച്ച്എസ് ട്രസ്റ്റിനേയും സഹപ്രവർത്തകരേയും അപമാനിക്കുന്നതായിരുന്നു തന്റെ പ്രവർത്തിയെന്നും ഡോ സുഹൈൽ അൻജും വിശദമാക്കി. ക്ഷമാപണം സ്വീകരിക്കണമെന്നും കാര്യങ്ങൾ നേരെയാക്കാൻ ഒരു അവസരം കൂടി നൽകണമെന്നുമാണ് ഡോ സുഹൈൽ അൻജും മെഡിക്കൽ കൗൺസിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ഹിയറിംഗ് അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ബിബിസി റിപ്പോർട്ട്.