
ദില്ലി: സംഘർഷം ഒഴിവാക്കുന്നതിനായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് ദിവസം ചർച്ചയിൽ സമാധാന ശ്രമത്തിന് അഫ്ഗാൻ താലിബാൻ സഹകരണം ഉറപ്പുനൽകിയെങ്കിലും പാകിസ്ഥാൻ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച അലസിയത്. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാ പ്രശ്‌നമാണെന്ന് അഫ്ഗാൻ താലിബാൻ ഖത്തർ, തുർക്കി മധ്യസ്ഥരോട് പറഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു. പാകിസ്ഥാന്റെ ആവശ്യങ്ങൾ യുക്തി രഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും അഫ്ഗാൻ താലിബാൻ അറിയിച്ചു.
അഫ്ഗാൻ മണ്ണ് ഒരു ഭീകര പ്രവർത്തനത്തിനും ഉപയോഗിക്കുന്നില്ലെന്നും താലിബാൻ പറഞ്ഞു. പാകിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തിയിലൂടെ യുഎസ് ഡ്രോണുകൾ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് അഫ്ഗാൻ ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാൻ അംഗീകരിച്ചില്ല. സുരക്ഷാ കരാർ ഇല്ലെങ്കിൽ അകത്തും പുറത്തുമുള്ള തീവ്രവാദികളെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് പാകിസ്ഥാൻ പ്രതിനിധി സംഘം പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. ഇതോടെയാണ് ചർച്ച അന്തിമ ധാരണയിലെത്താതെ പിരിഞ്ഞത്. എന്നിരുന്നാലും, ഖത്തർ, തുർക്കി ഉദ്യോഗസ്ഥരും മധ്യസ്ഥരും ഇപ്പോഴും പ്രശ്‌നത്തിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു.