പാക് അധീന കശ്മീരിൽ അണയാതെ പ്രതിഷേധം, മരണസംഖ്യ ഉയരുന്നു; ജാള്യത മറയ്ക്കാൻ ഇന്ത്യയെ പഴിച്ച് പാകിസ്ഥാൻ

Published : Oct 02, 2025, 12:54 PM IST
pok violence

Synopsis

പാക് അധീന കശ്മീരിൽ അണയാതെ പ്രതിഷേധം. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകൾ അവസാനിപ്പിക്കുക, പാകിസ്ഥാനിലെ മറ്റ് ഭാഗങ്ങളിലെ സബ്‌സിഡികൾ പോലെ കിഴിവ് നിരക്കിൽ വൈദ്യുതിയും ഗോതമ്പും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്.

ദില്ലി: പാക് അധിനിവേശ കശ്മീരിൽ (പിഒകെ) അണയാതെ പ്രതിഷേധം. ഇതുവരെയുണ്ടായ സംഘർഷത്തിൽ മരണസംഖ്യ ഒമ്പത് കവിഞ്ഞു. അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയവരെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വ്യോമമാർഗം വിന്യസിച്ചു. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎസി) യും സർക്കാരും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകൾ അവസാനിപ്പിക്കുക, പാകിസ്ഥാനിലെ മറ്റ് ഭാഗങ്ങളിലെ സബ്‌സിഡികൾ പോലെ കിഴിവ് നിരക്കിൽ വൈദ്യുതിയും ഗോതമ്പും വിതരണം ചെയ്യുക എന്നിവയുൾപ്പെടെ 38 ഇന ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്. എന്നാൽ, പഞ്ചാബിൽ നിന്ന് സൈന്യത്തെ ഇറക്കി പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. മുസാഫറാബാദിൽ അഞ്ച് പേരും ധീർകോട്ടിൽ അഞ്ച് പേരും ദാദ്യാൽ മേഖലകളിൽ രണ്ട് പേരും കൊല്ലപ്പെട്ടു. കുറഞ്ഞത് മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, പാകിസ്ഥാൻ നിയമിച്ച പി‌ഒ‌കെ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ പരോക്ഷമായി രം​ഗത്തെത്തി. ജനങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും ആസാദ് കശ്മീരിൽ അക്രമം ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ശത്രുവിന് അതിൽ നിന്ന് പ്രയോജനം ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയുടെ പേര് പറയാതെ പി‌ഒ‌കെ പ്രധാനമന്ത്രി ചൗധരി അൻവർ-ഉൾ-ഹഖ് പറഞ്ഞു.

പ്രതിഷേധക്കാരുടെ ഭൂരിഭാഗം ആവശ്യങ്ങളും ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് പ്രക്ഷോഭങ്ങൾ ഫലം കാണില്ലെന്നും അൻവർ-ഉൾ-ഹഖ് അവകാശപ്പെട്ടു. പി‌ഒ‌കെ പ്രതിഷേധങ്ങൾ ഇന്ത്യക്ക് പ്രയോജനം ചെയ്യുമെന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പാകിസ്ഥാൻ മാധ്യമങ്ങളും ആരോപിച്ചു. പ്രതിഷേധങ്ങളെക്കുറിച്ചുള്ള നുണകളുടെ കൊടുങ്കാറ്റ് പുതിയ കാര്യമല്ലെന്നും ന്യൂഡൽഹിയിലെ വളരെ പഴയതും വളരെ ക്ഷീണിതവുമായ ഒരു പുസ്തകത്തിലെ ഏറ്റവും പുതിയ അധ്യായമാണിതെന്നും ഡെയ്ലി പാകിസ്ഥാൻ എന്ന മാധ്യമം എഴുതി. ഇന്ത്യയുടെ കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജൻസിയായ റോയുമായി ബന്ധപ്പെട്ട നെറ്റ്‌വർക്കുകൾ ഉപയോ​ഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജങ്ങളുടെ പ്രളയം നിറച്ചുവെന്നും വ്യാജ വീഡിയോകൾ, കൃത്രിമ ചിത്രങ്ങൾ, ബന്ധമില്ലാത്ത ക്ലിപ്പിംഗുകൾ എന്നിവ വീണ്ടും പാക്കേജുചെയ്‌ത് സായുധ കലാപത്തിന്റെ തെളിവായി അവതരിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു.

ക്രൂരമായ ബലപ്രയോഗവും മാധ്യമങ്ങളുടെ ബ്ലാക്ക്ഔട്ടും ഉണ്ടായിരുന്നിട്ടും പാകിസ്ഥാൻ അധിനിവേശ കശ്മീരിലുടനീളം പ്രതിഷേധങ്ങൾ പെരുകുന്നത് എക്‌സിലെ ഒന്നിലധികം വീഡിയോകൾ സാക്ഷ്യപ്പെടുത്തുമ്പോഴാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്ന സൈനിക ഉദ്യോഗസ്ഥരെ പ്രക്ഷോഭകർ ആക്രമിക്കുന്ന നിരവധി വീഡിയോകളും പുറത്തുവന്നു.

പാകിസ്ഥാൻ സർക്കാരും സൈന്യവും തങ്ങളുടെ വിഭവങ്ങൾ തുടർച്ചയായി കൊള്ളയടിക്കുകയാണെന്നാണ് പ്രക്ഷോഭകർ പറയുന്നച്. സൈന്യത്തെ ഉപയോഗിച്ച് വെടിയുതിർത്ത് പാകിസ്ഥാൻ കശ്മീരികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് ജെ.കെ.ജെ.എ.സി. അവകാശപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു