
ഇസ്ലാമാബാദ് : പാകിസ്ഥാൻ ടെലിവിഷൻ ചാനലായ എആർവൈ ന്യൂസിന്റെ സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അമ്മദ് യൂസഫ് അറസ്റ്റിൽ. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ചാനൽ സംപ്രേഷണം നിർത്തി മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ്. രാജ്യദ്രോഹപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയത്. കറാച്ചിയിലെ ഡിഎച്ച്എ ഏരിയയിലെ വസതിയിൽ നിന്ന് വാറന്റില്ലാതെയാണ് യൂസഫിനെ അറസ്റ്റ് ചെയ്തതെന്ന് എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
“പൊലീസ് ഉദ്യോഗസ്ഥരും സാധാരണ വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരും അമ്മദ് യൂസഫിന്റെ വീട്ടിൽ ബലമായി പ്രവേശിച്ചു. റെയ്ഡിനെത്തിയ സംഘം യൂസഫിന്റെ വീട്ടിലെ സിസിടിവി ക്യാമറകൾ മാറ്റി, പ്രധാന കവാടത്തിന്റെ മുകളിൽ നിന്ന് വീട്ടിലേക്ക് ചാടുകയായിരുന്നു ഇവര്‍“ - എആര്‍വൈ ന്യൂസ് പ്രസ്താവനയിൽ പറഞ്ഞു:
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ ആക്ഷേപകരവും വിദ്വേഷവും രാജ്യദ്രോഹപരവുമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് ചാനലിനെ വിലക്കിയതെന്ന് വ്യക്തമാക്കി പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആർഎ) ചാനലിന് നോട്ടീസ് നൽകിയിരുന്നു. ഗവൺമെന്റും സേനയും തമ്മിൽ വിള്ളലുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെ സായുധ സേനയ്ക്കുള്ളിൽ കലാപത്തിന് പ്രേരണ നൽകുന്നതാണ് ഉള്ളടക്കമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 10-ന് നേരിട്ട് ഹാജരാകാൻ ചാനലിന്റെ സിഇഒയോട് പിഇഎംആർഎ ആവശ്യപ്പെട്ടിട്ടുണ്ട്.
Read More : ദുബായിലേക്ക് പോയ അമ്മയെ കാണാതായിട്ട് 20 വര്‍ഷം, ഇപ്പോൾ പാക്കിസ്ഥാനിൽ, കണ്ടെത്തിയത് സോഷ്യൽ മീഡിയ
അതേസമയം കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ബുധനാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ലത്തീഫ് റാത്തർ ഉൾപ്പെടെ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട്, ടിക് ടോക് താരം അമ്രീൻ ഭട്ട് എന്നിവരുടെ കൊലപാതകത്തിൽ പങ്കുള്ള ഭീകരനാണ് ലത്തീഫ് റാത്തറെന്നാണ് പൊലീസ് പറയുന്നത്.