
പാരിസ്: തീവ്രവാദികള്‍ക്ക് പണം ലഭിക്കുന്നത് തടയാന്‍ പാകിസ്ഥാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും ആവര്‍ത്തിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ് എ ടി എഫ്) പ്രസിഡന്‍റ് മാരഷ്യല്‍ ബില്ലിംഗ്സ്ലി. നല്‍കിയ അവസരങ്ങളൊന്നും പാകിസ്ഥാന്‍ ഉപയോഗപ്പെടുത്തിയില്ല. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ 2019 ഒക്ടോബറില്‍ അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം തിങ്കളാഴ്ച നടന്ന എഫ് എ ടി എഫ് യോഗത്തില്‍ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീകരവാദത്തെ ഇല്ലാതാക്കുന്നതിനായുള്ള യു എന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാകിസ്ഥാന്‍ പാലിച്ചിട്ടില്ല. ഫെബ്രുവരിയിലും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ പാകിസ്ഥാന്‍ കൂട്ടാക്കിയില്ലെങ്കില്‍ എഫ് എ ടി എഫ് അടുത്ത നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഈ വര്‍ഷം ഒക്ടോബറോടുകൂടി സ്വന്തം മണ്ണിലെ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ് എ ടി എഫ്) കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സമിതിയില്‍ ചൈനയും റഷ്യയും പാകിസ്ഥാന് അനുകൂലമായി രംഗത്തുവന്നിരുന്നു.
നേരത്തെയും പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയെടുത്തില്ലെന്ന് സമിതി കുറ്റപ്പെടുത്തി. രാജ്യത്ത് തീവ്രവാദം തടയുന്നതിനും ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുന്നതിനും മതിയായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സമിതി ആരോപിച്ചു. എഫ് എ ടി എഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാന് സാമ്പത്തികമടക്കമുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ നേരിടേണ്ടി വരും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് സമിതിയില്‍ പാകിസ്ഥാനെതിരെ രംഗത്തുവന്നത്.
ആഗോള ഭീകരരായ ഹാഫിസ് സയീദ്, അസ്ഹര്‍ മഹമൂദ് എന്നിവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാന്‍റെ തീവ്രവാദ വിരുദ്ധ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലെന്നും സമിതി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam