
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടമെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തെ തുടർന്നാണ് സ്ഫോടനം നടന്നതെന്ന് പറയുന്നു. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) യുടെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താലിബാന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയ സമയത്താണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് അതിർത്തി കടന്ന ആക്രമണങ്ങൾ.
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ അഫ്ഗാൻ മണ്ണ് പാകിസ്ഥാൻ വിരുദ്ധ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് തുടർന്നാൽ പാകിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു.ടിടിപി തീവ്രവാദികൾക്ക് അഫ്ഗാനിസ്ഥാൻ സുരക്ഷിത താവളങ്ങൾ ഒരുക്കുന്നുവെന്നും ആസിഫ് ആരോപിച്ചു.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര അടുപ്പം വർദ്ധിച്ചുവരുന്നതിലുള്ള ആശങ്കയാണ് പാകിസ്ഥാന്റെ ആക്രമണമെന്നുംവിദഗ്ധർ പറയുന്നു. അഫ്ഗാനിസ്ഥാൻ ഇന്ത്യയോട് വിശ്വസ്തതയും പാകിസ്ഥാനോട് ശത്രുതയും പുലർത്തുന്നുവെന്ന് ഖ്വാജ ആസിഫ് ആരോപിച്ചിരുന്നു. അഫ്ഗാനികൾ എല്ലായ്പ്പോഴും ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയും പാകിസ്ഥാനെതിരെ നിലകൊള്ളുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താലിബാൻ അധികൃതർ അറിയിച്ചു. പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് താലിബാൻ സർക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. കാബൂൾ നഗരത്തിൽ ഒരു സ്ഫോടന ശബ്ദം കേട്ടു. പക്ഷേ വിഷമിക്കാനൊന്നുമില്ല. ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു. ഖത്തറിലെ താലിബാൻ പ്രതിനിധി മുഹമ്മദ് സുഹൈൽ ഷഹീൻ കാബൂളിൽ സ്ഫോടന ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു. ടിടിപി മേധാവി ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ അഫ്ഗാൻ മാധ്യമങ്ങൾ നിഷേധിച്ചു.
അതേസമയം, ടിടിപി തലവൻ നൂർ വാലി മെഹ്സൂദ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെഹ്സൂദ് ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെടുകയും പാകിസ്ഥാൻ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ആരോപിക്കുകയും ചെയ്യുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നു.