കരയിലൂടെയും ആകാശത്തിലൂടെയും പാക് ആക്രമണം; അഫ്ഗാനില്‍ 40 മരണം; കൊല്ലപ്പെട്ടത് സിവിലിയന്‍മാരെന്ന് താലിബാന്‍; ഭീകരരെന്ന് പാക്കിസ്താന്‍

Published : Jun 29, 2026, 07:15 PM IST
pakistan attack on afghanistan

Synopsis

ആക്രമണത്തില്‍ 29 ഭീകരരെ വധിച്ചതായി പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി  വ്യക്തമാക്കി. എന്നാല്‍, കൊല്ലപ്പെട്ടത് സാധാരണ ജനങ്ങളാണെന്ന് താലിബാന്‍ പറഞ്ഞു.

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ കരയിലൂടെയും ആകാശത്തിലൂടെയും നടത്തിയ ആക്രമണങ്ങളില്‍ 40 ഓളം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിയോട് ചേര്‍ന്ന അഫ്ഗാന്‍ പ്രവിശ്യകളില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 160-ലധികം പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്റെ നടപടി ഭീരുത്വമാണെന്നും ക്രൂരമായ കുറ്റകൃത്യമാണെന്നും താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് മറുപടിയായാണ് സൈനിക നടപടി എന്നാണ് പാകിസ്ഥാന്റെ വാദം. അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാര്‍ പ്രവിശ്യകളിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 29 ഭീകരരെ വധിച്ചതായി പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അതാവുള്ള താരാര്‍ വ്യക്തമാക്കി.

എന്നാല്‍, കൊല്ലപ്പെട്ടത് സാധാരണ ജനങ്ങളാണെന്ന് താലിബാന്‍ പറഞ്ഞു. പക്തിക പ്രവിശ്യയിലെ മന്ദോഖൈല്‍ ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. സിവിലിയന്മാരുടെ വീടുകള്‍ക്ക് നേരെയാണ് പാക് സേന ബോംബാക്രമണം നടത്തിയതെന്നും താലിബാന്‍ ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ച കറാച്ചിയിലെ അര്‍ദ്ധസൈനിക വിഭാഗമായ സിന്ധ് റേഞ്ചേഴ്‌സിന്റെ ആസ്ഥാനത്ത് ചാവേര്‍ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്റെ തീവ്രവാദ ഗ്രൂപ്പായ ജമാഅത്തുല്‍ അഹ്റാര്‍ ഏറ്റെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്‍ അഫ്ഗാനിസ്താനു നേര്‍ക്ക് ആക്രമണം നടത്തിയത്. കറാച്ചിയിലെ ഭീകരാക്രമണത്തില്‍ പങ്കാളിയായ അഫ്ഗാന്‍ പൗരനെ തങ്ങള്‍ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു.

തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം മണ്ണൊരുക്കുന്നുവെന്ന് പാകിസ്ഥാന്‍ ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്. എന്നാല്‍ താലിബാന്‍ ഭരണകൂടം ഈ ആരോപണം നിരന്തരം നിഷേധിക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നെങ്കിലും മാസങ്ങള്‍ക്കകം അത് തകര്‍ന്നു. ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷങ്ങളും വ്യോമാക്രമണങ്ങളും നടന്നിരുന്നു. ജൂണ്‍ ആദ്യവാരത്തിലും പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 26 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുത്ത സംഘർഷത്തിന് പിന്നാലെ ഇറാന് വിട്ടുനൽകുന്ന ഫണ്ടിൽ വ്യക്തത ആയി, 600 കോടി ഡോളർ ഖത്തർ വഴി നൽകും; ഹോർമുസ് വീണ്ടും കൈപ്പിടിയിലാക്കി ഇറാൻ
പാതിരാത്രിയില്‍ നാടകീയ റെയ്ഡ്; ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും ഏഴ് പ്രമുഖ നേതാക്കളെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് ഇറാഖ് സൈന്യം