ഹോർമുസ് കടലിടുക്ക് അടച്ചതോടെ പാകിസ്ഥാനിൽ പുതിയ നീക്കം, രാജ്യവ്യാപകമായി 'വർക്ക് ഫ്രം ഹോം' നടപ്പിലാക്കും? ലക്ഷ്യം ഇന്ധന ഉപയോഗം കുറക്കൽ

Published : Mar 05, 2026, 11:50 AM IST
Pakistan- Strait of Hormuz

Synopsis

ഇറാൻ ഇസ്രയേൽ സംഘർഷങ്ങൾ ആഗോള ഊർജ്ജ വ്യാപാരത്തെ ബാധിക്കുന്നത് തുടരുകയാണെങ്കിൽ ആഭ്യന്തര പെട്രോളിയം വിതരണം സ്ഥിരതയോടെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ 'വർക്ക് ഫ്രം ഹോം' സിസ്റ്റം സഹായിക്കുമെന്നാണ് സ‍ർക്കാരിന്‍റെ വിലയിരുത്തൽ.

ഇസ്ലാമാബാദ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സുപ്രധാന തീരുമാനമെടുത്ത് പാകിസ്ഥാൻ. ഇന്ധന ഉപഭോഗം കുറയ്ക്കാൻ രാജ്യവ്യാപകമായി 'വർക്ക് ഫ്രം ഹോം' സിസ്റ്റം നടപ്പിലാക്കാൻ പാകിസ്ഥാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളം ഇന്ധന ഉപയോഗം കൈകാര്യം ചെയ്യുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ നിർദ്ദേശമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ ഇസ്രയേൽ സംഘർഷങ്ങൾ ആഗോള ഊർജ്ജ വ്യാപാരത്തെ ബാധിക്കുന്നത് തുടരുകയാണെങ്കിൽ ആഭ്യന്തര പെട്രോളിയം വിതരണം സ്ഥിരതയോടെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ 'വർക്ക് ഫ്രം ഹോം' സിസ്റ്റം സഹായിക്കുമെന്നാണ് സ‍ർക്കാരിന്‍റെ വിലയിരുത്തൽ.

എണ്ണ ശേഖരം, ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) കയറ്റുമതി, അതിർത്തി കടന്നുള്ള ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) എന്നിവയുടെ വിതരണം എന്നിവയുൾപ്പെടെ ഉറപ്പാക്കണമെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഉദ്യോഗസ്ഥർക്ക് നി‍ദ്ദേശം നൽകി. രാജ്യത്ത് നിലവിൽ നാല് ആഴ്ചത്തേക്ക് വേണ്ട പെട്രോൾ, ഡീസൽ സ്റ്റോക്കുകൾ ഉണ്ടെന്നാണ് പാക് ഉദ്യോഗസ്ഥർ വ്.ക്തമാക്കിയത്. സ്വകാര്യ മേഖലക്ക് പുറമേ സർക്കാർ ഓഫീസുകൾക്കും മറ്റ് മേഖലകളിലും വർക്ക് ഫ്രം ഹോം സാധ്യമാണോ എന്ന് പരിശോധിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളിൽ തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തര സാഹചര്യം വന്നാൽ വർക്ക് ഫ്രം ഹോം അടക്കമുള്ള പരിഹാര നടപടികൾ രാജ്യത്ത് നടപ്പാക്കാനാണ് പാക് സർക്കാരിന്‍റെ തീരുമാനം.

ലോകത്തിലെ എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗം വഹിക്കുന്നത് ഹോ‍ർമൂസ് കടലിടുക്കാണ്. ആഗോള എണ്ണ ചരക്കുകളുടെ അഞ്ചിലൊന്നിൽ കൂടുതൽ ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്കിൽ ഉണ്ടാകുന്ന ഏതൊരു തടസ്സവും ഷിപ്പിംഗ് ഷെഡ്യൂളുകളെ ബാധിക്കുകയും ചരക്ക് ചെലവ് വർദ്ധിപ്പിക്കുകയും ഡെലിവറികൾ വൈകിപ്പിക്കുകയും ചെയ്യും. പാകിസ്ഥാൻ തങ്ങളുടെ മിക്ക പെട്രോളിയം ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുകയും, ഊർജ്ജ വിതരണത്തിനായി ഗൾഫ് ഷിപ്പിംഗ് റൂട്ടുകളെ ആശ്രയിക്കുകയും ചെയ്യുന്ന രാജ്യമാണ്.

അതേസമയം ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ 750-ഓളം കപ്പലുകൾ കടലിടുക്കിന് സമീപം കുടുങ്ങിക്കിടക്കുകയാണ്. വിലക്ക് ലംഘിച്ച് ഹോർമുസ് കടലിടുക്കിലൂടെ ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ നാവികസേനയും ആ കപ്പലുകൾക്ക് തീയിടുമെന്നാണ് റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ-ഇൻ-ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ സാരമായി ബാധിക്കും. ഫെബ്രുവരിയിൽ ഹോ‍ർമുസ് കടലിടുക്കിൽ ഏതാനും ദിവസങ്ങൾ മാത്രം കപ്പലുകൾക്ക് നിയന്ത്രണം കൊണ്ടുവന്നപ്പോൾ തന്നെ എണ്ണവിലയിൽ 6 ശതമാനത്തോളം വർധനവുണ്ടായിരുന്നു. ഇറാന്‍റെ നീക്കത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആശങ്കയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപിനെ വധിക്കാൻ ഇറാൻ ചാരന്മാർ തന്നെ നിയോ​ഗിച്ചു, പദ്ധതി നടക്കുമെന്ന് തോന്നിയില്ല'; വെളിപ്പെടുത്തി പാക് പൗരൻ
സംഘർഷ ഭീതിക്കിടെ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം; സന്ദർശക വിസക്കാർക്കും മടങ്ങിയെത്താനാകാത്തവർക്കും വിസാ കാലാവധി നീട്ടി കുവൈത്ത്