കറാച്ചി/ ഇസ്ലാമാബാദ്: അവിശ്വാസപ്രമേയത്തിന് തൊട്ടുതലേന്ന് വൻ റാലിയിലൂടെ ശക്തിപ്രകടനം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ പാകിസ്ഥാൻ തെഹ്‌രീക്-എ-ഇൻസാഫ് പാർട്ടിയുടെ വൻറാലിയിലൂടെയായിരുന്നു ഇമ്രാന്‍റെ ശക്തിപ്രകടനം. വിദേശപണം ഉപയോഗിച്ച് തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇമ്രാൻ ആരോപിച്ചു. അതിന് തന്‍റെ പക്കൽ തെളിവായി ഒരു രേഖയുമുണ്ടെന്നാണ് ഇമ്രാൻ വെളിപ്പെടുത്തുന്നത്. ഒരു കടലാസ് യോഗത്തിൽ ഉയർത്തിക്കാണിച്ചായിരുന്നു ഇമ്രാന്‍റെ ആരോപണം. എല്ലാ തരത്തിലും പാകിസ്ഥാനേക്കാൾ മുന്നിൽ ഇന്ത്യയെത്താൻ കാരണം മുപ്പത് വർഷം പാകിസ്ഥാനെ ഭരിച്ചുമുടിച്ച മുന്നണികളാണെന്നും ഇമ്രാൻ ആഞ്ഞടിച്ചു.
പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. 20 ലക്ഷം പേർ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് തെഹ്‍രീക്-ഇ-ഇൻസാഫ് അവകാശപ്പെട്ടത്.
'ജീവൻ പോയാലും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ല'
തന്‍റെ ജീവൻ പോയാലും പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായാലും അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുകയോ അവർക്ക് മാപ്പുനൽകുന്ന എൻആർഒ ഓർഡിനൻസ് നടപ്പാക്കുകയോ ചെയ്യില്ലെന്നും ഇമ്രാൻ രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ ഇമ്രാൻ പ്രഖ്യാപിക്കുന്നു. ഭരണനേട്ടങ്ങളോരോന്നും റാലിയിൽ ഇമ്രാൻ എണ്ണിപ്പറഞ്ഞു. പാകിസ്ഥാനിൽ വിലക്കയറ്റം തടയാൻ കൊണ്ടുവന്ന തീരുമാനങ്ങളെക്കുറിച്ചും, സൗജന്യ ചികിത്സാപദ്ധതി പ്രഖ്യാപിച്ചതിനെക്കുറിച്ചും ഇമ്രാൻ സംസാരിച്ചപ്പോൾ അനുയായികൾ വൻ ഹർഷാരവത്തോടെയാണ് പ്രതികരിച്ചത്. വിദേശത്ത് പഠിച്ച് വളർന്ന്, ക്രിക്കറ്റ് കളിക്കാരനായ താൻ ഒരു പുതിയ പാകിസ്ഥാനെന്ന സ്വപ്നം കണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് ഇമ്രാൻ ഖാൻ പറയുന്നു. ആസിഫ് അലി സർദാരി, പർവേസ് മുഷാറഫ്, നവാസ് ഷെരീഫ് അടക്കമുള്ളവരുടെ അനധികൃതവിദേശ നിക്ഷേപങ്ങളടക്കമുള്ളവ ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് ഇമ്രാൻ ഖാൻ റാലിയിൽ ഉന്നയിച്ചത്. ആര് ശ്രമിച്ചാലും തന്നെ അഴിമതിക്കാരനാക്കാൻ കഴിയില്ലെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിക്കുന്നു.
അവിശ്വാസപ്രമേയം നാളെ
നാളെയാണ് ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാകിസ്ഥാൻ പാർലമെന്‍റിന്‍റെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇതിന് മുന്നോടിയായാണ് ഇമ്രാന്‍റെ ശക്തിപ്രകടനം. സൈന്യത്തിന്‍റെ പിന്തുണ നഷ്ടമായ ഇമ്രാൻ റാലിയിൽ രാജി പ്രഖ്യാപനം നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അത് പാർട്ടിയോ നേതൃത്വമോ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ രാജി വച്ച് നേരത്തേ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ച് അവിശ്വാസപ്രമേയത്തിന് മുമ്പ് തന്നെ, പ്രതിപക്ഷനീക്കങ്ങൾക്ക് ഒരുമുഴം മുമ്പേ ഇമ്രാൻ ഖാൻ നീട്ടിയെറിയാനാണ് സാധ്യതയെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.
'അമ്ർ ബിൽ മറൂഫ്' അഥവാ 'നന്മയ്ക്കൊപ്പം ചേരൂ' എന്ന പേരിലാണ് ഇമ്രാൻ ഖാൻ പരേഡ് ഗ്രൗണ്ടിൽ വൻ ശക്തിപ്രകടനം നടത്തുന്നത്. പതിനായിരക്കണക്കിന് പേരാണ് റാലിയിലേക്ക് ഒഴുകിയെത്തിയത്. ഹെലികോപ്റ്ററിലാണ് ഇമ്രാൻ ഖാൻ വേദിക്ക് അരികിലേക്ക് എത്തിയത്. ഇത് ചരിത്രദിനമാണെന്നും, തെഹ്‍രീക് ഇ ഇൻസാഫ് പാർട്ടിയുടെ ഭാവിക്ക് വേണ്ടിയല്ല, ഇത് രാജ്യത്തിന്‍റെ ഭാവിയിൽത്തന്നെ നിർണായകമാകുന്ന ദിനമാകുമെന്നും ഇമ്രാൻ ഖാൻ പ്രഖ്യാപിക്കുന്നു.
അതേസമയം, രാജ്യത്തെ പ്രധാനമാധ്യമങ്ങളോടെല്ലാം ഇമ്രാൻഖാന്‍റെ റാലി കവർ ചെയ്യുന്നതും ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതും നിർത്തി വയ്ക്കാൻ പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയായ (പെംറ) നിർദേശിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മതത്തെ ചൂണ്ടിക്കാട്ടി, ഖുർ ആൻ സൂക്തങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് തെഹ്‍രീക്- ഇ-ഇൻസാഫ് പാർട്ടിയുടെ പല നേതാക്കളും റാലിയിൽ പ്രസംഗം നടത്തിയത്. പ്രചാരണഗാനങ്ങളിലടക്കം ഇതേ നിലപാടാണ് ഇമ്രാനും പാർട്ടിയും സ്വീകരിച്ചത്. മതവികാരം പരമാവധി ഇളക്കിവിട്ട്, പാകിസ്ഥാന്‍റെ രക്ഷയ്ക്ക് സുദൃഢമായ മറ്റൊരു പാർട്ടിയില്ലെന്ന പ്രഖ്യാപനം നടത്തി അധികാരം നിലനിർത്താനാണ് ഇമ്രാന്‍റെ ശ്രമം.
നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കൂ എന്ന് താൻ ഇമ്രാനോട് പറഞ്ഞതായി പ്ലാനിംഗ് മന്ത്രി ആസാദ് ഉമർ റാലിയിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് അനധികൃതമായി സമ്പാദിച്ച വൻസ്വത്തിന്‍റെ ബലത്തിൽ തെഹ്‍രീക് ഇ ഇൻസാഫ് പാർട്ടിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും വിവിധ നേതാക്കൾ ആരോപിച്ചു. ഒരു തെരഞ്ഞെടുപ്പ് വന്നാൽ ജനം ആരുടെയൊപ്പമാണെന്ന് ലോകം തിരിച്ചറിയുമെന്നും തെഹ്‍രീക് ഇ ഇൻസാഫ് നേതാക്കൾ പറയുന്നു.
എന്താണ് ഇമ്രാന് മുന്നിലെ വെല്ലുവിളി?
ഇന്ന് പ്രധാനമന്ത്രിയുടെ വിശ്വസ്തനായിരുന്ന നേതാവും പ്രതിപക്ഷത്തേക്ക് കൂറുമാറിയത് ഇമ്രാന് വലിയ തിരിച്ചടിയായിരുന്നു. പാർട്ടിയിൽ നിന്ന് ഒരു കൂട്ടം നേതാക്കൾ പ്രതിപക്ഷത്തേക്ക് ചേക്കേറിയത് ഇമ്രാൻ ഖാന് ചെറിയ വെല്ലുവിളിയല്ല ഉണ്ടാക്കിയിട്ടുള്ളത്.
അഴിമതിയുൾപ്പടെ ഗുരുതര ആരോപണങ്ങളുമായി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇന്നലെ അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയിരുന്നില്ല. അഴിമതി, സാമ്പത്തികപ്രതിസന്ധി, നാണയപ്പെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അന്തരിച്ച അസംബ്ലി അംഗത്തിന് ആദരാഞ്ജലി അർപ്പിച്ച ശേഷം ഇന്നലെ അസംബ്ലി പിരിയുകയായിരുന്നു. ഇമ്രാന് നീക്കങ്ങൾ നടത്താൻ സമയം നീട്ടി നൽകുകയായിരുന്നു സ്പീക്കർ ആസാദ് ഖൈസർ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കണക്കിലെ കളിയെന്ത്?
ഇമ്രാന്‍റെ പാർട്ടിയിലെ 24 പേരാണ് വിമതനിലപാടെടുത്ത് സർക്കാരിനെതിരെ പ്രഖ്യാപനം നടത്തി പുറത്ത് പോയത്. ഇവരെല്ലാം നാളെ ഇമ്രാനെതിരെ വോട്ട് ചെയ്യുമോ എന്നതാണ് നിർണായകം. സ്വന്തം കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിലെ (പിടിഐ) 24 വിമത എംപിമാരും കൂട്ടുകക്ഷി സർക്കാരിന്‍റെ ഭാഗമായ 3 കക്ഷികളും അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നാണ് ഏറ്റവുമൊടുവിലുള്ള റിപ്പോർട്ടുകൾ, 342 അംഗദേശീയ അസംബ്ലിയിൽ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ 2018-ൽ അധികാരത്തിലേറിയത്. പ്രതിപക്ഷകക്ഷിയായ പിഎംഎൽ-നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാർ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. തെഹ്‍രീക്-ഇ-ഇൻസാഫ് പാർട്ടിക്ക് 155 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ, സഹ ചെയർമാൻ ആസിഫ് അലി സർദാരി എന്നിവരുടെ സംയുക്തനീക്കത്തിലാണ് ഇമ്രാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. സൈന്യത്തിന്‍റെ പിന്തുണയില്ല ഇമ്രാൻ ഖാന് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
ചരിത്രമെന്ത്?
പാകിസ്ഥാന്‍റെ ചരിത്രത്തിൽ ഇതേവരെ ഒരു പ്രധാനമന്ത്രിയും അഞ്ചുവർഷം തികച്ച് ഭരിച്ചിട്ടില്ല. അതേസമയം, അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ നീക്കം ചെയ്ത ചരിത്രവും പാകിസ്ഥാന് ഇല്ല.
ഇമ്രാൻ വീണാലും പകരം ആര്? 75 കൊല്ലമായിട്ടും ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങൾ ഉറയ്ക്കാത്ത പാക് രാഷ്ട്രീയത്തിൽ ഈ ചോദ്യത്തിന് ഉത്തരമില്ല. 1999-ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലിലാക്കി പട്ടാളം അധികാരം പിടിച്ചത് ഒറ്റ രാത്രി കൊണ്ടാണ്. ഇരുട്ടി വെളുത്തപ്പോഴേയ്ക്കും രാജ്യത്തിന്‍റെ പരമാധികാരി ആയി അന്നത്തെ സൈനികമേധാവി പർവേസ് മുഷറഫ്. ഏതു കാലത്തും അധികാരത്തിലേക്ക് അവസരം കാത്തിരിക്കുന്ന പാക് പട്ടാളം ഇത്തവണയും ഇറങ്ങി കളിക്കുമോ എന്ന ആശങ്കയുണ്ട്.
അഴിമതിയും അധികാരദുർവിനിയോഗവും അരങ്ങുവാഴുന്ന പ്രതിപക്ഷ പാർട്ടികളിൽ ഏതിനെങ്കിലും ഉറച്ച സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷ ആർക്കുമില്ല. പാകിസ്ഥാനിൽ പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കൾ മൂന്നു പേരാണ്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ, പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് അധ്യക്ഷൻ ഷഹബാസ് ഷരീഫ്, പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് അധ്യക്ഷൻ മൗലാനാ ഫസലുറഹ്മാൻ. രാജ്യത്തെ നയിക്കാനുളള പാകതയോ വീക്ഷണമോ ഇവർക്ക് ആർക്കെങ്കിലും ഉണ്ടെന്ന് ആരും കരുതുന്നില്ല. ഭൂതകാലത്തിലെ അഴിമതിക്കഥകൾ എല്ലാ പാർട്ടികൾക്കും ഒരുപോലെ തലവേദന. ചുരുക്കത്തിൽ ഇപ്പോഴത്തെ പ്രതിസന്ധി ഇമ്രാൻ സർക്കാരിനെ മാത്രം ബാധിക്കുന്നതല്ല. പാകിസ്ഥാനെ ആകെ ചൂഴ്ന്നു നിൽക്കുന്ന അനിശ്ചിതത്വം ആണത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam