
കറാച്ചി: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ (Imran Khan) അവിശ്വാസ പ്രമേയം നാഷണൽ അസംബ്ലി നാളെ ചർച്ച ചെയ്യാനിരിക്കെ പാകിസ്ഥാനിൽ വീണ്ടും രാഷ്ട്രീയ നാടകം. ഭരണകക്ഷിക്കൊപ്പമുണ്ടായിരുന്ന എംക്യൂഎംപി സഖ്യം വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേർന്നു. ഇതോടെ ഇമ്രാൻ ഖാന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ല. ഏഴ് അംഗങ്ങളുള്ള എംക്യൂഎംപി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേർ മാത്രമായി. പ്രതിപക്ഷത്തിനൊപ്പം 177 പേർ ഉണ്ടെന്നാണ് നിലവിലെ കണക്ക്. ഇതിനിടെ പാകിസ്ഥാനിൽ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.
ഇമ്രാൻ രാത്രിയോടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാരിനെതിരായ ഗൂഢാലോചനയുടെ തെളിവുകൾ ഇന്ന് പുറത്തുവിടുമെന്നും ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവിശ്വാസ പ്രമേയത്തിലേക്ക് പോകും മുൻപെ ഇമ്രാൻ ഖാൻ രാജി വെക്കുമെന്ന അഭ്യൂഹം തള്ളി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് രംഗത്തെത്തി.
കണക്കിലെ കളിയെന്ത്?
ഇമ്രാന്‍റെ പാർട്ടിയിലെ 24 പേരാണ് വിമത നിലപാടെടുത്ത് സർക്കാരിനെതിരെ പ്രഖ്യാപനം നടത്തി പുറത്ത് പോയത്. 342 അംഗദേശീയ അസംബ്ലിയിൽ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ 2018-ൽ അധികാരത്തിലേറിയത്. അതിൽ 24 വിമതർക്ക് പിന്നാലെ എംക്യൂഎംപി കൂടി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേർ മാത്രമാണിപ്പോഴുള്ളത്. പ്രതിപക്ഷകക്ഷിയായ പിഎംഎൽ-നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാർ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്.
തെഹ്‍രീക്-ഇ-ഇൻസാഫ് പാർട്ടിക്ക് 155 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ, സഹ ചെയർമാൻ ആസിഫ് അലി സർദാരി എന്നിവരുടെ സംയുക്തനീക്കത്തിലാണ് ഇമ്രാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. സൈന്യത്തിന്‍റെ പിന്തുണയില്ല ഇമ്രാൻ ഖാന് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
ചരിത്രമെന്ത്?
പാകിസ്ഥാന്‍റെ ചരിത്രത്തിൽ ഇതേവരെ ഒരു പ്രധാനമന്ത്രിയും അഞ്ചുവർഷം തികച്ച് ഭരിച്ചിട്ടില്ല. അതേസമയം, അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ നീക്കം ചെയ്ത ചരിത്രവും പാകിസ്ഥാന് ഇല്ല.
ഇമ്രാൻ വീണാലും പകരം ആര്? 75 കൊല്ലമായിട്ടും ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങൾ ഉറയ്ക്കാത്ത പാക് രാഷ്ട്രീയത്തിൽ ഈ ചോദ്യത്തിന് ഉത്തരമില്ല. 1999-ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലിലാക്കി പട്ടാളം അധികാരം പിടിച്ചത് ഒറ്റ രാത്രി കൊണ്ടാണ്. ഇരുട്ടി വെളുത്തപ്പോഴേയ്ക്കും രാജ്യത്തിന്‍റെ പരമാധികാരി ആയി അന്നത്തെ സൈനികമേധാവിയായി പർവേസ് മുഷറഫ് മാറി. ഏതു കാലത്തും അധികാരത്തിലേക്ക് അവസരം കാത്തിരിക്കുന്ന പാക് പട്ടാളം ഇത്തവണയും ഇറങ്ങി കളിക്കുമോ എന്ന ആശങ്കയുണ്ട്.
അഴിമതിയും അധികാര ദുർവിനിയോഗവും അരങ്ങുവാഴുന്ന പ്രതിപക്ഷ പാർട്ടികളിൽ ഏതിനെങ്കിലും ഉറച്ച സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷ ആർക്കുമില്ല. പാകിസ്ഥാനിൽ പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കൾ മൂന്നു പേരാണ്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ, പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് അധ്യക്ഷൻ ഷഹബാസ് ഷരീഫ്, പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് അധ്യക്ഷൻ മൗലാനാ ഫസലുറഹ്മാൻ. രാജ്യത്തെ നയിക്കാനുളള പാകതയോ വീക്ഷണമോ ഇവർക്ക് ആർക്കെങ്കിലും ഉണ്ടെന്ന് ആരും കരുതുന്നില്ല. ഭൂതകാലത്തിലെ അഴിമതിക്കഥകൾ എല്ലാ പാർട്ടികൾക്കും ഒരുപോലെ തലവേദനയാണ്. ചുരുക്കത്തിൽ ഇപ്പോഴത്തെ പ്രതിസന്ധി ഇമ്രാൻ സർക്കാരിനെ മാത്രം ബാധിക്കുന്നതല്ല. പാകിസ്ഥാനെ ആകെ ചൂഴ്ന്നു നിൽക്കുന്ന അനിശ്ചിതത്വം ആണത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam