ഫ്യൂസ് പോയി പാക്കിസ്ഥാൻ, ഇരുട്ടി വെളുത്തിട്ടും പരിഹരിക്കാനായില്ല, പ്രമുഖ നഗരങ്ങളിലെല്ലാം ഇരുട്ടിൽ

By Web TeamFirst Published Jan 23, 2023, 10:14 PM IST
Highlights

പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദിലും കറാച്ചി അടക്കമുള്ള പ്രമുഖ നഗരങ്ങളെല്ലാം ഇരുട്ടിലാണ്.

ദില്ലി: പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദിലും കറാച്ചി അടക്കമുള്ള പ്രമുഖ നഗരങ്ങളെല്ലാം ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി, ഇതുവരെ പൂർണമായി പരിഹരിക്കാനായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്നാണ് വിമർശനം.

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. രാജ്യ തലസ്ഥാനവും കറാച്ചിയും ലാഹോറും പെഷവാറും ബലൂചിസ്ഥാനും ഇന്നലെ മുതൽ ഇരുട്ടിലാണ്. വ്യാപാര മേഖല നിശ്ചലമായി. ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ട്രാഫിക് സിഗ്നലുകൾ കണ്ണടച്ചു. പ്രതിസന്ധി 22 കോടി പേരെ നേരിട്ട് ബാധിച്ചെന്നാണ് റിപ്പോർട്ട്. 

വൈദ്യുതി ഗ്രിഡിലുണ്ടായ തകരാർ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഡീസലും കൽക്കരിയുടേയും ശേഖരം തീർന്നതെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതിയുടെ 90 ശതമാനവും ഡീസൽ കൽക്കരി നിലയങ്ങളിൽ നിന്നാണ് പാക്കിസ്ഥാൻ ഉത്പാദിപ്പിക്കുന്നത്.

പ്രതിസന്ധി മുന്നിൽ കണ്ട് വൈദ്യുതി ഉപയോഗത്തിൽ പാകിസ്ഥാൻ നേരത്തെ നിയന്ത്രണം കൊണ്ട് വന്നിരുന്നു. സർക്കാർ ഓഫീസുകൾ വൈദ്യുതി ഉപോയഗം 30 ശതമാനം കുറയ്ക്കാനും, വ്യാപാര സ്ഥാനപനങ്ങൾ രാത്രി എട്ടരയക്കും ഹോട്ടലുകൾ പത്തു മണിയോടെയും അടയ്ക്കാനായിരുന്നു ഉത്തരവ്. ചില വൈദ്യുതി ഗ്രിഡുകൾ പുനർസ്ഥാപിച്ചെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നെന്നാണ് പാകിസ്ഥാന്റെ പ്രതികരണം.

Read more: 'നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പക്ഷേ...'; പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് ഇന്ത്യയുടെ മറുപടി

അതേസമയം, വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ പരിഹസിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഊർജ നിലയങ്ങളിലേക്കുള്ള കൽക്കരി വാങ്ങാൻ പണം ഇല്ലാത്തതാണ് വൈദ്യുതി മുടങ്ങാനുള്ള കാരണമെന്നാണ് സൂചന. ഭിക്ഷാപാത്രം എടുത്ത അവസ്ഥയിലാണ് സർക്കാരെന്നാണ് ഇമ്രാൻ ഖാന്റെ പരിഹാസം. ഭിക്ഷാപാത്രവുമായി ലോകം ചുറ്റുകയാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫെന്നും എന്നാൽ ആരും ചില്ലിക്കാശ് പോലും നൽകുന്നില്ലെന്നുമാണ് ഇമ്രാൻ ഖാന്റെ വിമർശനം. 

click me!