മൂന്ന് അന്താരാഷ്ട്ര വ്യോമപാതകൾ പാക്കിസ്ഥാൻ അടച്ചു

By Web TeamFirst Published Aug 28, 2019, 1:58 PM IST
Highlights

ഇന്ത്യയിലേക്കുള്ള എല്ലാ വ്യോമപാതകളും അടക്കുമെന്ന് പാക്കിസ്ഥാൻ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു

ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണ്ണമായും അടയ്ക്കുമെന്ന ഭീഷണിക്ക് പിന്നാലെ കറാച്ചി വഴിയുള്ള മൂന്ന് അന്താരാഷ്ട്ര പാതകൾ പാക്കിസ്ഥാൻ താത്കാലികമായി അടച്ചു. പാക് ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ആഗസ്റ്റ് 31 വരെയാണ് അന്താരാഷ്ട്ര പാതകൾ അടച്ചിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാകിസ്ഥാനിലെ മന്ത്രി ഇന്നലെയാണ് ഭീഷണി മുഴക്കിയത്. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാക്കിസ്ഥാനിലെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നതായി ഇദ്ദേഹം പറഞ്ഞിരുന്നു. ഇതിനായുള്ള നിയമപരമായ കാര്യങ്ങൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പാക് മന്ത്രിയുടെ ട്വീറ്റിൽ പറയുന്നു. മോദി തുടങ്ങി, ഞങ്ങള്‍ പൂര്‍ത്തിയാക്കും എന്ന ടാഗോട് കൂടിയാണ് മന്ത്രിയുടെ ട്വീറ്റ് അവസാനിക്കുന്നത്.

ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാകിസ്താന്‍ തുറന്നിരുന്നത്. അതിനിടെ പുൽവാമയിൽ രണ്ട് ഗ്രാമീണരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇരുവരുടേയും മൃതദേഹം കണ്ടെത്തി.

click me!