ഇറാനുമായുള്ള എല്ലാ അതിർത്തി വഴികളും അടച്ച് പാകിസ്ഥാൻ; ഇസ്രായേലിനെ ആക്രമിക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ല, പക്ഷേ പൂർണപിന്തുണ

Published : Jun 17, 2025, 03:14 PM ISTUpdated : Jun 17, 2025, 03:17 PM IST
Pakistan

Synopsis

സുരക്ഷാ ഭീഷണികളും ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്നുണ്ടായ അസ്ഥിരമായ സാഹചര്യവും കണക്കിലെടുത്താണ് ഇറാനുമായുള്ള അതിർത്തി അടയ്ക്കാനുള്ള നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്ലാമാബാദ്: ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായുള്ള എല്ലാ അതിർത്തിയും 'അനിശ്ചിതമായി' പാകിസ്ഥാൻ അടച്ചിട്ടതായി പാക് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്-ഇറാൻ അതിർത്തിയിൽ അനിശ്ചിത കാലത്തേക്ക് കാൽനടയാത്രയോ വാഹന ഗതാഗതമോ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതായി പ്രധാന പാക് മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് നൂറുകണക്കിന് പാകിസ്ഥാൻ വിദ്യാർത്ഥികളെയും തീർത്ഥാടകരെയും ഒഴിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു.

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയ്ക്കും ഇറാനും ഇടയിലെ നിർണായകമായ ചാഗി ജില്ലയിലെ തഫ്താൻ ക്രോസിംഗ്, ഗ്വാദറിലെ ഗബ്ദ്-റിംദാൻ, പഞ്ച്ഗൂരിലെ ചെഡ്ഗി, ജിറാക്ക്, കെച്ച് ജില്ലയിലെ റിദീഗ് മണ്ട് ക്രോസിംഗ് എന്നീ അതിർത്തി വഴികളാണ് അടച്ചിടുക. ഇരു രാജ്യങ്ങളും തമ്മിലെ ചരക്കുനീക്കമടക്കം വ്യാപര ബന്ധത്തെ അതിർത്തി അടച്ചിടുന്നത് പ്രതികൂലമായി ബാധിക്കും. സുരക്ഷാ ഭീഷണികളും ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്നുണ്ടായ അസ്ഥിരമായ സാഹചര്യവും കണക്കിലെടുത്താണ് ഇറാനുമായുള്ള അതിർത്തി അടയ്ക്കാനുള്ള നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാനെതിരെ ഇസ്രായേൽ ആണവായുധങ്ങൾ പ്രയോഗിച്ചാൽ ആക്രമണത്തിൽ പാകിസ്ഥാനും പങ്കുചേരുമെന്ന ഇറാന്റെ അവകാശവാദത്തെയും പാകിസ്ഥാൻ തള്ളിക്കളഞ്ഞു. ഇസ്രായേൽ ഇറാനിൽ ആണവ ബോംബ് പ്രയോഗിച്ചാൽ പാകിസ്ഥാൻ ഇസ്രായേലിനെ ആണവ ബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് പറഞ്ഞുവെന്ന് ഐആർജിസി കമാൻഡറും ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ ജനറൽ മൊഹ്‌സെൻ റെസായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി പാകിസ്ഥാൻ രം​ഗത്തെത്തിയത്.

പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഈ അവകാശവാദം തള്ളി. പാകിസ്ഥാൻ അത്തരമൊരു ഉറപ്പ് നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നം പ്രാദേശിക സംഘർഷത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. അതേസമയം, സംഘർഷത്തിൽ പാകിസ്ഥാൻ ഇറാന് പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ മുസ്ലീം ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പാകിസ്ഥാൻ ഇറാന്റെ പിന്നിൽ നിൽക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

മുസ്ലീം രാഷ്ട്രങ്ങൾ ഇസ്രായേലിനെതിരെ ഒന്നിക്കണമെന്നും അല്ലെങ്കിൽ ഇറാനും പലസ്തീനും അനുഭവിച്ച അതേ വിധി നേരിടേണ്ടിവരുമെന്നും ആസിഫ് വ്യക്തമാക്കി. ഇറാൻ, യെമൻ, പലസ്തീൻ എന്നീ രാജ്യങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യം വച്ചിരിക്കുന്നത്. മുസ്ലീം രാഷ്ട്രങ്ങൾ ഇപ്പോൾ ഒന്നിച്ചില്ലെങ്കിൽ, ഓരോന്നിനും ഒരേ വിധി നേരിടേണ്ടിവരുമെന്ന് ആസിഫ് പറഞ്ഞതായി തുർക്കി ടുഡേ റിപ്പോർട്ട് ചെയ്തു. 

ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള മുസ്ലീം രാഷ്ട്രങ്ങൾ ബന്ധം വിച്ഛേദിക്കണമെന്നും ഇസ്രായേലിനെതിരെ സംയുക്ത തന്ത്രം രൂപീകരിക്കുന്നതിനായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) ഒരു യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു