
യുഎഇ, പാകിസ്ഥാൻ പൗരന്മാര്‍ക്ക് മേല്‍ അപ്രഖ്യാപിത വിസ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും, ഇത് രാജ്യത്തിന്റെ വ്യാപാരത്തെയും കയറ്റുമതിയെയും ബിസിനസ് പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പാകിസ്ഥാനിലെ വ്യാപാരികള്‍. യുഎഇയുമായി വര്‍ഷങ്ങളായി മികച്ച വാണിജ്യ ബന്ധമുള്ള പല വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വിസ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നു. എന്നാല്‍, പാകിസ്ഥാൻ പൗരന്മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാ വിഭാഗങ്ങളിലുമുള്ള വിസ അപേക്ഷകളും സാധാരണപോലെ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നുമാണ് യുഎഇ അധികൃതരുടെ ഔദ്യോഗിക നിലപാട്.
ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളുമായി ദീര്‍ഘകാല ബിസിനസ് ബന്ധമുള്ള പല പാകിസ്ഥാൻ വ്യാപാരികള്‍ക്കും വിസ ലഭിക്കുന്നില്ലെന്ന് റാവല്‍പിണ്ടി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പറഞ്ഞു. ഈ പ്രശ്‌നത്തില്‍ യുഎഇ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗങ്ങള്‍ വ്യക്തമാക്കി. കയറ്റുമതി, ആരോഗ്യമേഖല, ടൂറിസം തുടങ്ങിയ വിവിധ മേഖലകളെ ഇത് ബാധിച്ചിട്ടുണ്ട്. സന്ദര്‍ശക വിസകളും ഫാമിലി വിസകളും ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ഏവിയേഷന്‍ കണ്‍സള്‍ട്ടന്റുമാരും പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam