
ദില്ലി: പാകിസ്‌താനുമായി സമാധാനചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതം അറിയിച്ചെന്ന് പാക് മാധ്യമത്തില്‍ റിപ്പോര്‍ട്ട്. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പാകിസ്‌താന് കത്തെഴുതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, അഭിനന്ദന സന്ദേശത്തിനയച്ച മറുപടിയെ പാക് മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഇന്ത്യ പ്രതികരിച്ചു.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള പാകിസ്‌താന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു എന്ന രീതിയിലാണ് പാക് മാധ്യമമായ ദി എക്‌സ്‌പ്രസ് ട്രിബ്യൂണ്‍ വാര്‍ത്ത നല്‍കിയത്. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കും കത്തെഴുതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാകിസ്‌താന്‍ ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളുമായി നല്ല ബന്ധത്തില്‍ അല്ലാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. മേഖലയില്‍ സമാധാനവും വികസനവും വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. തീവ്രവാദം ഇല്ലാതാക്കുന്നതിനുള്ള നടപടികളെക്കുറിച്ചാകും ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുകയെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയച്ച നന്ദി സന്ദേശത്തെ തെറ്റായി വ്യാഖ്യാനം ചെയ്‌തതാണ് റിപ്പോര്‍ട്ട് എന്ന് ദില്ലി വൃത്തങ്ങള്‍ പ്രതികരിച്ചു. സ്വാഭാവികവും സഹകരണപരവുമായ ബന്ധമാണ് ഇന്ത്യ അയല്‍രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. വിശ്വസ്‌തതയോട് കൂടിയതും തീവ്രവാദമുക്തവുമായ പരിതസ്ഥിതി സൃഷ്‌ടിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിനെയൊക്കെ പാക് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam