
പാരിസ്: പൈലറ്റ് മദ്യപിച്ചെത്തിയതിനെ തുടർന്ന് 267 യാത്രക്കാരുമായി പോകേണ്ട പാരിസ്-വാഷിങ്ടൺ ഫ്ലൈറ്റ് റദ്ദാക്കി. യുണൈറ്റഡ് എയർലൈൻസിന്റെ വിമാനമാണ് റദ്ദാക്കിയത്. ന്യൂയോർക്ക് പോസ്റ്റ് സംഭവം റിപ്പോർട്ട് ചെയ്തു. 63 കാരനായ യുഎസ് പൈലറ്റാണ് ഞായറാഴ്ച പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ വിമാനം പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മദ്യപിച്ചെത്തിയത്. വിർജീനിയയിലെ വാഷിംഗ്ടൺ ഡള്ളസ് വിമാനത്താവളത്തിലേക്കാണ് വിമാനം പോകേണ്ടിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആടിയാടിയാണ് പൈലറ്റ് ജോലിക്കെത്തിയതെന്നും കണ്ണുകൾ ചുവന്നിരുന്നുവെന്നും സംസാരിക്കുമ്പോൾ കുഴച്ചിലുണ്ടായിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് പൈലറ്റിനെ ആൽക്കഹോൾ പരിശോധനകൾക്ക് വിധേയനാക്കി. രക്തത്തിൽ 0.59mg/l, 0.56mg/l മദ്യം കണ്ടെത്തി. അനുവദിച്ചതിലും ആറിരട്ടി അളവിലാണ് മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർന്ന് പറന്നുയരുന്നതിന് ഒരു മണിക്കൂർ മുമ്പ് പൈലറ്റിനെ അറസ്റ്റ് ചെയ്യുകയും അവസാന നിമിഷം വിമാനം റദ്ദാക്കുകയും ചെയ്തു. തലേന്ന് രാത്രി താൻ രണ്ട് ഗ്ലാസ് വൈൻ മാത്രമാണ് കുടിച്ചതെന്ന് പൈലറ്റ് കോടതിയില്‍ പറഞ്ഞു. എന്നാൽ പൈലറ്റിന്റെ മൊഴിയിൽ കോടതി അവിശ്വാസം രേഖപ്പെടുത്തുകയും 267 യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണ് പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വ്യക്തമാക്കുകയും ചെയ്തു. ആറ് മാസത്തെ ജയിൽ ശിക്ഷയും 5,000 ഡോളർ പിഴയും വിധിച്ചു. പൈലറ്റിന് യുഎസിലും കൂടുതൽ പ്രൊഫഷണൽ ഉപരോധങ്ങൾ നേരിടേണ്ടി വരും.
Read More.... വാൽ നിലത്തുതട്ടുന്നു; ഇൻഡിഗോക്ക് 30 ലക്ഷം രൂപ പിഴ
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്നും ജോലി സമയത്ത് ജീവനക്കാരുടെ മദ്യ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുണ്ടെന്നും യുണൈറ്റഡ് എയർലൈൻസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം പൈലറ്റ് മദ്യപിച്ചതിനെ തുടർന്ന് സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള ഡെൽറ്റ എയർലൈൻസ് വിമാനം റദ്ദാക്കിയിരുന്നു. ആ സംഭവത്തിലും പൈലറ്റിനെ അറസ്റ്റ് ചെയ്തു.