
ലാഹോർ: ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് പാകിസ്ഥാനിൽ 20 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസിലുണ്ടായിരുന്നു 20ഓളം പേർക്ക് പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ക്വറ്റെയിലേക്ക് ടുർബത്തിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമാണ് ടുർബത്ത്. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
അപകടത്തിൽ മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തിൽ പാക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് ബലൂചിസ്ഥാൻ മുഖ്യമന്ത്രി പ്രസ്താവനയിൽ വിശദമാക്കിയിരിക്കുന്നത്. മലയിടുക്കിൽ തകർന്ന് കിടക്കുന്ന ബസിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങളും ഗതാഗത നിയമ നിർദ്ദേശങ്ങളും അത്രകണ്ട് ശക്തമല്ലാത്ത പാകിസ്ഥാനിൽ റോഡ് അപകടങ്ങൾ സാധാരണമാണ്. റോഡുകളുടെ ശോചനീയവസ്ഥയും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. മുൾട്ടാനിൽ വാനും ട്രെക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 13 പേർ കൊല്ലപ്പെട്ടതിന് മൂന്ന് ദിവസങ്ങൾക്ക് ഇപ്പുറമാണ് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഈ മാസം ആദ്യത്തിലുണ്ടായ സമാനമായ അപകടത്തിൽ 20 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam