
ധാക്ക: ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് അജ്ഞാതർ തീവെച്ചു. സംഭവത്തിൽ അമ്മയും കുഞ്ഞും ഉൾപ്പെടെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാറിന് പകരം ഇടക്കാല ഗവൺമെന്റ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനിടെയാണ് ട്രെയിനിന് തീവെപ്പ് നടന്നത്. മോഹൻഗഞ്ച് എക്സ്പ്രസിനാണ് അക്രമികൾ തീയിട്ടത്. സംഭവം അട്ടിമറിയാണെന്ന് ധാക്ക മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഹബീബുർ റഹ്‌മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതല്‍ കോച്ചുകളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.
സമരത്തിന് പിന്നിലുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ധാക്കയിലേക്ക് പോകുകയായിരുന്ന മോഹൻഗഞ്ച് എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകൾ തേജ്ഗാവ് ഏരിയയിൽ പുലർച്ചെ 5.04 ഓടെയാ് അഗ്നിക്കിരയായത്. ബംഗ്ലാദേശിൽ ഒരുമാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിൻ തീവെപ്പ് സംഭവാണിത്. ആദ്യമായാണ് ഇത്രയും പേർ കൊല്ലപ്പെടുന്നത്. ജനുവരി ഏഴിനാണ് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിഎൻപി വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ 300 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കാനാണ് സാധ്യത.
ഒക്‌ടോബർ 28 ന് പ്രതിപക്ഷ റാലി അക്രമാസക്തമാവുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബിഎൻപിയുടെ ഉപരോധങ്ങളിലും പണിമുടക്കുകളിലും ട്രെയിനുകൾ നിരന്തരം ആക്രമണം നേരിടുന്നുണ്ടെന്ന് റെയിൽവേ മന്ത്രി നൂറുൽ ഇസ്ലാം സുജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam