'ഇന്ത്യക്കാരേ വരൂ, ഞങ്ങളുടെ വരുമാന മാർഗമാണ്'; വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു, ക്ഷണവുമായി ടൂറിസം മന്ത്രി

Published : May 07, 2024, 03:21 PM ISTUpdated : May 07, 2024, 03:32 PM IST
'ഇന്ത്യക്കാരേ വരൂ, ഞങ്ങളുടെ വരുമാന മാർഗമാണ്'; വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു, ക്ഷണവുമായി ടൂറിസം മന്ത്രി

Synopsis

ടൂറിസത്തെ ആശ്രയിക്കുന്ന മാലദ്വീപിന്‍റെ സമ്പദ് വ്യവസ്ഥയെ സഹായിക്കൂ എന്നാണ് അഭ്യർത്ഥന.

മാലി: മാലദ്വീപിലേക്ക് ഇന്ത്യക്കാരെ ക്ഷണിച്ച് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ. ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ടൂറിസത്തെ ആശ്രയിക്കുന്ന മാലദ്വീപിന്‍റെ സമ്പദ് വ്യവസ്ഥയെ, അവിടം സന്ദർശിച്ച് സഹായിക്കൂ എന്നാണ് അഭ്യർത്ഥന. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള വർഷങ്ങളായുള്ള ബന്ധത്തെക്കുറിച്ച് ഇബ്രാഹിം ഫൈസൽ ഊന്നിപ്പറഞ്ഞു. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാലദ്വീപ് സർക്കാരും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ടൂറിസം മന്ത്രി പറഞ്ഞു- "ഞങ്ങൾ എല്ലായ്പ്പോഴും സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ ജനങ്ങളും സർക്കാരും ഇന്ത്യക്കാരുടെ വരവിനെ ഊഷ്മളമായി സ്വാഗതം ചെയ്യും. ടൂറിസം മന്ത്രി എന്ന നിലയിൽ മാലിദ്വീപിന്‍റെ വിനോദസഞ്ചാരത്തിന്‍റെ ഭാഗമാകാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്"

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ നാല് മാസങ്ങളിൽ 42 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 73,785 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തിയിരുന്നു. ഈ വർഷം എത്തിയത് 42,638 പേർ മാത്രമാണ്. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം, ഈ വർഷം ഏപ്രിൽ വരെ 6,63,269 വിനോദസഞ്ചാരികള്‍ എത്തി. 71,995 പേർ ചൈനയിൽ നിന്നുള്ളവരാണ്, യുകെ (66,999), റഷ്യ (66,803), ഇറ്റലി (61,379), ജർമ്മനി (52,256) എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നിൽ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 6 ന് ലക്ഷദ്വീപിൽ നിന്നുള്ള ഫോട്ടോകളും വീഡിയോയും പോസ്റ്റ് ചെയ്തതിന് പിന്നാലെ മാലദ്വീപിലെ മന്ത്രിമാർ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. പിന്നാലെയാണ് മാലദ്വീപിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.  മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ ഇന്ത്യൻ സൈനികരെ രാജ്യത്തു നിന്ന് പിൻവലിക്കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇത്. ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തന്‍റെ രാജ്യത്തിന്‍റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തെ ബാധിച്ചു 

മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍  ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍  പ്രകടിപ്പിച്ചു. ഇന്ത്യയിലെ പ്രമുഖ ട്രാവൽ അസോസിയേഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യവും മാലദ്വീപ് പ്രകടിപ്പിച്ചിരുന്നു.

വർഷത്തിലൊരിക്കൽ മാത്രം പ്രവേശനം, ഉൾക്കാടിനകത്തെ തീർഥാടനകേന്ദ്രം, ജാതിമത ഭേദമില്ലാതെ മനുഷ്യർ ഒഴുകിയെത്തുന്ന ഇടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനില്‍നിന്ന് ചോര്‍ന്ന ഞെട്ടിക്കുന്ന ഫോട്ടോകള്‍; പുറംലോകമറിയാതെ മറച്ചുവെച്ച മൃതദേഹങ്ങള്‍!
'ഒഴിവാക്കിയത് ആണവ യുദ്ധം', അവകാശവാദം ആവർത്തിച്ച് ഡോണൾഡ് ട്രംപ്; 'ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം താന്‍ ഇടപെട്ടാണ് അവസാനിപ്പിച്ചത്'