'മൈ ഫ്രണ്ട്' ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി; നൊബേൽ നൽകണമെന്ന ആവശ്യവുമായി നെതന്യാഹു; ഗാസ സമാധാന കാരാറിൽ അഭിനന്ദന പ്രവാഹം

Published : Oct 10, 2025, 12:04 AM ISTUpdated : Oct 10, 2025, 01:42 AM IST
modi trump

Synopsis

ഗാസ സമാധാന കരാർ യാഥാർത്ഥ്യമായതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ചതായി മോദി അറിയിച്ചു. സുരക്ഷ കാബിനറ്റ് യോഗം നിറുത്തി വച്ച് നെതന്യാഹു മോദിയുടെ ഫോണെടുത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു

ന്യൂയോർക്ക്: ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായതോടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അഭിനന്ദന പ്രവാഹം. ലോക രാജ്യങ്ങളിലെ നേതാക്കൾ ഫോണിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചാണ് ട്രംപിനെ അഭിനന്ദിച്ചത്. ഗാസ സമാധാന പദ്ധതി ചരിത്രപരം എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യ - അമേരിക്ക വാണിജ്യ കരാറിനുള്ള സംഭാഷണത്തിന്‍റെ പുരോഗതിയും ചർച്ചയായെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഗാസ സമാധാന കരാർ യാഥാർത്ഥ്യമായതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ചതായി മോദി അറിയിച്ചു. സുരക്ഷ കാബിനറ്റ് യോഗം നിറുത്തി വച്ച് നെതന്യാഹു മോദിയുടെ ഫോണെടുത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം ഗാസ സമാധാന കരാറിന്‍റെ പേരിൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി നെതന്യാഹു രംഗത്തെത്തിയത് ശ്രദ്ധേയമായി. ട്രംപിന്‍റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യം മുന്നോട്ട് വച്ചത്. സമാധാന നൊബേലിന് ട്രംപ് തികച്ചും അർഹനാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചത്.

സമാധാന കരാർ യാഥാർത്ഥ്യമായെന്ന് പ്രഖ്യാപിച്ചത് ട്രംപ്

രണ്ട് വർഷം നീണ്ട രക്തച്ചൊരിച്ചിലിന് താൽക്കാലിക വിരാമമായി എന്നതാണ് ഗാസയിലെ സമാധാന കരാർ ലോകത്തിന് നൽകുന്ന ആശ്വാസം. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേലും ഹമാസും സമ്മതിക്കുകയായിരുന്നു. ട്രൂത്ത് സോഷ്യൽ പോസ്റ്റ് വഴി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് സമാധാന ധാരണയായ കാര്യം ലോകത്തെ അറിയിച്ചത്. മധ്യസ്ഥ ചർച്ചകൾക്ക് ചുക്കാൻ പിടിച്ച ഖത്തറും, ഹമാസും, പലസ്തീനും പിന്നാലെ വെടിനിർത്തൽ സ്ഥിരീകരിച്ചു. ഗാസയിലൊടുവിൽ ആശ്വാസത്തിന്റെ പുലരി എന്ന നിലയിലാണ് ലോകം ഇതിനെ കാണുന്നത്. അമേരിക്ക മുൻകൈയെടുത്ത് രൂപീകരിച്ച സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ നടപ്പിൽ വരും. ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രയൈൽ സൈന്യം യുദ്ധം നിർത്തി നിർദ്ദിഷ്ട സ്ഥാനത്തേക്ക് പിൻവാങ്ങും. ഈജിപ്തിൽ വച്ച് വ്യാഴാഴ്ച ഉച്ചയക്ക് 2:30 ഓടെ സമാധാന കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ഇരുപത് ബന്ദികളെയാണ് ഹമാസ് ആദ്യഘട്ടത്തിൽ മോചിപ്പിക്കുക. പകരം രണ്ടായിരം പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും. കരാറൊപ്പിട്ട് 72 മണിക്കൂറിനകം ബന്ദിമോചനവും, സൈനിക പിൻമാറ്റവും നടക്കും. ഇത് സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടം മാത്രമാണ്.

ഹമാസ് ആയുധം വച്ച് കീഴടങ്ങുമോ

എല്ലാ ബന്ദികളെയും മോചിപ്പിച്ച് കഴിഞ്ഞാൽ ഹമാസ് ആയുധം വച്ച് കീഴടങ്ങണമെന്ന വ്യവസ്ഥ അമേരിക്ക മുന്നോട്ട് വച്ച കരാറിലുണ്ട്. അതിന് ശേഷം ഗാസയിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഇസ്രയേൽ അനുവദിക്കും. കൂടുതൽ സഹായം വിവിധ അന്താരാഷ്ട്ര ഏജൻസികൾ വഴി ഗാസയിലേക്കെത്തിക്കുകയും ചെയ്യും. ഹമാസിന്റെ കീഴ‍ടങ്ങലുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലടക്കം അവ്യക്തത തുടരുകയാണെങ്കിലും എഴുപതിനായിരത്തോളം മനുഷ്യരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് താൽക്കാലികമായെങ്കിലും പരിഹാരമാകുന്നത് വലിയ നയതന്ത്ര വിജയമാണ്. ട്രംപിന് നന്ദി പറഞ്ഞുകൊണ്ടാണ് നെതന്യാഹു സമാധാന ധാരണ സ്ഥിരീകരിച്ചത്. ധാരണയിൽ നിന്ന് ഇസ്രയേൽ പിന്നോട്ട് പോകാതിരിക്കാൻ ട്രംപിന്റെയും അമേരിക്കയുടെയും ഇടപെടൽ ആവശ്യമാണെന്ന് ഓർമ്മിച്ചുകൊണ്ടായിരുന്നു ഹമാസിന്റെയും പ്രതികരണം. സമാധാന നീക്കത്തെ സ്വാഗതം ചെയ്ത യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് എത്രയും പെട്ടന്ന് ഗാസയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ വേണ്ട നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടു. എന്തിനും യു എൻ തയ്യാറാണെന്നും പലസ്തീന ജനതയുടെ സ്വയം നിർണ്ണയാവകാശം അംഗീകരിക്കപ്പെടണമെന്നും, ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പലസ്തീൻ ഇസ്രയേൽ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്നും കൂടി ഗുട്ടറസ് പറഞ്ഞു വച്ചിട്ടുണ്ട്. സമാധാന ധാരണ പ്രഖ്യാപനത്തിന് ശേഷവും ഇസ്രയേൽ പോർവിമാനങ്ങൾ ഗാസയിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ അതിന് ശേഷം സ്ഥിതി ശാന്തമായിരുന്നു. അധികം വൈകാതെ ട്രംപ് നേരിട്ട് ഈജിപ്തിലെത്തിയാകും കരാർ ഒപ്പിടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയ്ക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകാൻ യൂറോപ്പും, ആഗോള തലത്തിൽ ആശങ്ക; ജൂലൈയിൽ ഒപ്പിട്ട വ്യാപാര കരാർ നിർത്തിവെക്കും?
കരിയറിലെടുക്കേണ്ട സുപ്രധാന തീരുമാനം, 'ഹസിൽ സ്മാർട്ട്' രീതിയിലൂടെ കോടീശ്വരനാകാം; പണമുണ്ടാക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് ലോഗൻ പോൾ