
ദില്ലി: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു. ഈ മാസം 24 ന് ടോക്കിയോയിലാണ് നാലാമത് ക്വാഡ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ തലവന്മാരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. ബൈഡനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നിതിനായി കൂടുതൽ ചർച്ച നടത്തുമെന്നാണ് മോദി അറിയിച്ചത്.
ഇന്ത്യ-ജപ്പാൻ പ്രത്യേക സ്ട്രാറ്റജിക്, ഗ്ലോബൽ പാർട്ണർഷിപ്പ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജപ്പാൻ പ്രധാനമന്ത്രിയുമായി സംസാരിക്കും. ക്വാഡ് ഉച്ചകോടിയിൽ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ച നടത്തും.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം രാജ്യത്തിന് പ്രധാനമാണ്. കഴിഞ്ഞ കൂടിക്കാഴ്ചയിൽ ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ രംഗത്ത് വൻ നിക്ഷേപം നടത്താമെന്ന് ജപ്പാൻ അറിയിച്ചിരുന്നു. ഈ ലക്ഷ്യത്തോടെ ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. പുറമെ, ജപ്പാനിലെ 40,000ത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുമെന്നും മോദി അറിയിച്ചു.
ജപ്പാൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം 2021 മെയ് 23 മുതൽ 24 വരെ ജപ്പാനിലെ ടോക്കിയോ സന്ദർശിക്കും. 2022 മാർച്ചിൽ, 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി കിഷിദയ്ക്ക് ആതിഥേയത്വം വഹിക്കാനായത്തിൽ എനിക്ക് സന്തോഷമുണ്ട്. ടോക്കിയോ സന്ദർശന വേളയിൽ, ഇന്ത്യ - ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളതലത്തിലുമുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നു. ജപ്പാനിൽ, ക്വാഡ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ നാല് ക്വാഡ് രാജ്യങ്ങളിലെ നേതാക്കൾക്ക് അവസരം നൽകുന്ന രണ്ടാമത്തെ ഇൻ-പേഴ്‌സൺ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിലും പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും ഞങ്ങൾ കാഴ്ചപ്പാടുകൾ കൈമാറും.
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. അമേരിക്കയുമായുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢീകരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യും. പ്രാദേശിക സംഭവവികാസങ്ങളിലും സമകാലിക ആഗോള പ്രശ്‌നങ്ങളിലും സംഭാഷണം തുടരും.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആദ്യമായാണ് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന് കീഴിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബഹുമുഖ സഹകരണവും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള പ്രശ്‌നങ്ങളും ചർച്ച ചെയ്യപ്പെടുന്ന അദ്ദേഹവുമായുള്ള ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന വശമാണ്. മാർച്ച് ഉച്ചകോടിയിൽ, പ്രധാനമന്ത്രി കിഷിദയും ഞാനും ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ നിക്ഷേപത്തിലും ധനസഹായത്തിലും 5 ട്രില്യൺ ജാപ്പനീസ് യെൻ യാഥാർത്ഥ്യമാക്കാനുള്ള ഉദ്ദേശവും പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന സന്ദർശന വേളയിൽ, ഈ ലക്ഷ്യം പിന്തുടരുന്നതിനായി, ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനുമായുള്ള നമ്മുടെ ബന്ധത്തിലെ പ്രധാന ഘടകമായ ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള ഏകദേശം 40,000 പേർ ജപ്പാനിലാണ്. അവരുമായി സംവദിച്ചേക്കുമെന്നും മോദി അറിയിച്ചു.
ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും, ജപ്പാനിലെ വ്യവസായികളെ കാണും: മോദി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam