യോഗയും ആയുര്‍വേദവും ചര്‍ച്ച ചെയ്ത് ട്രംപും മോദിയും

By Web TeamFirst Published Apr 5, 2020, 12:51 PM IST
Highlights

കൊവിഡിനെ നേരിടാന്‍ ആഗോളമായി മരുന്ന് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതും ഇരുരാജ്യങ്ങളും കൊവിഡിനെതിരെ ഒരുമിച്ച് പോരാടേണ്ടതിന്റെ പ്രധാന്യവും ചര്‍ച്ച ചെയ്‌തെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
 

വാഷിംഗ്ടണ്‍; യോഗയും ആയുര്‍വേദവും ചര്‍ച്ച ചെയ്ത് ട്രംപും മോദിയും. കൊവിഡ് 19നെ ചെറുക്കുന്നത് സംബന്ധിച്ച് ഇരുവരും കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കൊവിഡിനെ ചെറുക്കാന്‍ യോഗയും ആയുര്‍വേദവും എങ്ങനെ ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്തത്. ഈ പ്രതിസന്ധി കാലത്ത് മാനസിക സമ്മര്‍ദ്ദം കുറക്കാനും ശാരീരിക മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കാനും യോഗയും ആയുര്‍വേദയും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ചര്‍ച്ച ചെയ്‌തെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

'മലേറിയക്കെതിരെയുള്ള മരുന്ന് വേണം'; മോദിയോട് അപേക്ഷയുമായി ട്രംപ്

യുഎസിന് മലേറിയക്കെതിരെയുള്ള മരുന്ന് നല്‍കാനും ഡോണള്‍ഡ് ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡിനെ നേരിടാന്‍ ആഗോളമായി മരുന്ന് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതും ഇരുരാജ്യങ്ങളും കൊവിഡിനെതിരെ ഒരുമിച്ച് പോരാടേണ്ടതിന്റെ പ്രധാന്യവും ചര്‍ച്ച ചെയ്‌തെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ചയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടത്. അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ 8400 കടന്ന പശ്ചാത്തലത്തിലായിരുന്നു ഫോണ്‍ സംഭാഷണം. 3,11000 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യയിലും കൊവിഡ് ബാധിതര്‍ 3000 കടന്നു. 75 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡിനെതിരെ ഒരുമിച്ച് പോരാടാനും പരസ്പരം സഹായിക്കാനും ധാരണയായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭാഷണത്തെ സംബന്ധിച്ച് മോദിയും ട്വീറ്റ് ചെയ്തിരുന്നു. കൊവിഡ് 19നെതിരെയുള്ള ചികിത്സക്കായി കൂടുതല്‍ മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിട്ടു നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ചിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിനെതിരെയുള്ള മരുന്നായി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും പല രാജ്യങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നുണ്ട്.
 

click me!