
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) നാളെ നേപ്പാൾ സന്ദർശിക്കും. ശ്രീബുദ്ധന്റെ 2566–ാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദർശനം. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തുന്ന മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും.
കേന്ദ്രസർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവഹിക്കും. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2019 ൽ രണ്ടാമത് അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്.
ആവേശം, പ്രചോദനം; തോമസ് കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലേക്ക് തിരിക്കുന്നത്. 'ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ ടീം ചരിത്രം കുറിച്ചിരിക്കുന്നു. രാജ്യത്തെയാകെ ആവേശത്തിലാക്കുന്ന വിജയമാണിത്. ടീമിന് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. വരാനിരിക്കുന്ന കായിക പ്രതിഭകള്‍ക്ക് ഈ വിജയം പ്രചോദനമാകും' എന്നാണ് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചത്.
വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തിയാണ് ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam