
ദില്ലി: ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനെന്ന വാദത്തോടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ പദ്ധതിക്ക് പൂർണ പിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലും പലസ്തീനിലും സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പദ്ധതിക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെമ്പാടും വികസനം കൊണ്ടുവരാനും പദ്ധതി വഴികാട്ടുന്നുവെന്നും, ബന്ധപ്പെട്ടവർ ട്രംപിൻ്റെ നിർദേശങ്ങൾ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
പദ്ധതിയോട് യോജിക്കുന്നതായി ഇന്നലെ ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. എന്നാൽ ഹമാസ് ഈ പദ്ധതിയെ അനുകൂലിക്കുമോയെന്ന് വ്യക്തമായിട്ടില്ല. ഗാസയെ തീവ്രവാദ മുക്തമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് ട്രംപിൻ്റെ വാദം. എന്നും ദുരിതം മാത്രം നേരിട്ട ഗാസയിലെ ജനങ്ങൾക്ക് ഇത് പ്രയോജനമാകുമെന്ന് അദ്ദേഹം പറയുന്നു. ട്രംപിൻ്റെ നേതൃത്വത്തിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ കൂടി ഉൾപ്പെടുത്തി താത്കാലിക ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഗാസയിൽ വികസന പദ്ധതിയെന്ന നിർദേശം ട്രംപ് മുന്നോട്ട് വെക്കുന്നത്. ഖത്തർ, ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ മുസ്ലിം രാജ്യങ്ങൾ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഗാസയിൽ ഹമാസിനൊപ്പം പോരാടുന്ന പലസ്തീൻ സായുധ സംഘമായ ഇസ്ലാമിക് ജിഹാദ് ഈ പദ്ധതിയെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ഇസ്രായേൽ അമേരിക്കയിലൂടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
യുദ്ധം അവസാനിപ്പിക്കും, ഇസ്രയേൽ സൈന്യം പിൻവാങ്ങും, ബന്ദികൾ മോചിതരാകും, സൈനിക നടപടികൾ നിർത്തും, ഇസ്രയേലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന 250 പേരെയും 2023 ഒക്ടോബർ 7 ന് ശേഷം തടവിലാക്കപ്പെട്ട 1700 ഗാസക്കാരെയും ഇസ്രായേൽ വിട്ടയക്കും മരിച്ച 15 ഗാസക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ വിട്ടുനൽകും, ബന്ദികളെ തിരിച്ചെത്തിച്ചാൽ സമാധാന ഉടമ്പടി അംഗീകരിക്കുന്ന ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകും, ഇവർക്ക് ഗാസയിൽ നിന്നും സുരക്ഷിതമായി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ അവസരം ഒരുക്കും എന്നും ട്രംപിൻ്റെ പദ്ധതിയിൽ പറയുന്നു.
ഇതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളുടെ പുനരധിവാസം (വെള്ളം, വൈദ്യുതി, മലിനജലം), ആശുപത്രികളുടെയും ബേക്കറികളുടെയും പുനരധിവാസം, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും തുറന്ന റോഡുകൾ തുറക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളും ഗാസയിൽ എത്തിക്കും. പലസ്തീനിൽ താത്കാലിക ഭരണസമിതി രൂപീകരിക്കും. ഗാസയെ പുനർനിർമിക്കും. കൂടുതൽ നിക്ഷേപം ഗാസയിലെത്തിക്കും. ഗാസ വിട്ടുപോകാൻ ആരെയും നിർബന്ധിക്കില്ല. പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. അവർക്ക് പിന്നീട് മടങ്ങാനും സാധിക്കും. തുരങ്കങ്ങളും ആയുധ നിർമ്മാണ സൗകര്യങ്ങളും ഉൾപ്പെടെ എല്ലാ സൈനിക, ഭീകര, ആക്രമണ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കും. ഇസ്രയേൽ ഗാസ പിടിച്ചെടുക്കില്ല. ഇസ്രയേലും പലസ്തീനുമിടയിൽ ചർച്ചകൾ തുടരാൻ അമേരിക്ക മധ്യസ്ഥം വഹിക്കുമെന്നുമാണ് ട്രംപ് മുന്നോട്ട് വച്ച പദ്ധതി.