കുറ്റവാളികളെ വിട്ടുനല്‍കല്‍: ഹോങ്കോങ്ങില്‍ ചൈനാവിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നു

By Web TeamFirst Published Jun 12, 2019, 4:29 PM IST
Highlights

ബില്ലിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവർ കൗൺസിലിന് നേരെ പ്ലാസ്റ്റിക് കുപ്പികൾ എറിയുകയും പൊലീസിനെ കുട വച്ച് മർദ്ദിക്കുകയും ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്

ഹോങ്കോങ്: ഹോങ്കോങ് പൗരൻമാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെ ജനങ്ങൾ നടത്തിവരുന്ന പ്രതിക്ഷേധപ്രകടനം അക്രമാസക്തമായി. ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗൺസിലിന് മുന്നിൽ പ്രതിക്ഷേധം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് റബ്ബർ‌ ബുള്ളറ്റ് വെടിവയ്പ്പും കണ്ണീർ വാതകപ്രയോ​ഗവും നടത്തി. ബുധനാഴ്ച്ച ബില്ല് രണ്ടാം ഘട്ട ചർച്ചയ്ക്കെടുക്കാനിരിക്കെയാണ് പ്രതിഷേധക്കാര്‍ ഇന്നലെ മുതൽ കൗൺസിൽ മന്ദിരം ഉപരോധിക്കാൻ തുടങ്ങിയത്.  

ലെജിസ്‌ലേറ്റീവ് കൗൺസിലിന് മുന്നിൽ പത്ത് ലക്ഷത്തോളം പ്രക്ഷോഭകരാണ് അണിനിരന്നത്. ബില്ലിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവർ കൗൺസിലിന് നേരെ പ്ലാസ്റ്റിക് കുപ്പികൾ എറിയുകയും പൊലീസിനെ കുട വച്ച് മർദ്ദിക്കുകയും ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരോട് സംയമനം പാലിക്കണമെന്ന് പലത്തവണ ആവശ്യപ്പെട്ടിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. പ്രതിഷേധക്കാരിൽ ഭൂരിഭാ​ഗം പേരും യുവാക്കളാണ്. കറുത്ത വസ്ത്രം ധരിച്ചാണ് ജനങ്ങൾ പ്രതിഷേധപ്രകടനം നടത്തിയത്. 

2014-ലെ ജനാധിപത്യാവകാശ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ തെരുവ് പ്രതിഷേധത്തിന് ഹോങ്കോങ് ബുധനാഴ്ച സാക്ഷിയായത്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. എന്നാൽ, ചൈന അനുകൂലികൾക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗൺസിൽ നിയമം അംഗീകരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് ചൈന അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള കൗൺസിലിൽ അവതരിപ്പിച്ചത്.

ചൈനയെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യൻ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തി.എന്നാൽ പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയുടെ നിലപാട്. 1997 ലാണ് ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്. 

ഹോങ്കോങ് സ്വദേശിയായ യുവതി തായ്‌ലൻഡിൽ കൊല്ലപ്പെട്ടതും പ്രതിയായ കാമുകന്‍ ഹോങ്കോങ്ങിലേക്ക് മടങ്ങിയെത്തിയതുമാണ്  നിയമഭേദഗതിക്ക് കാരണമെന്നാണ് ഹോങ്കോങ് പറയുന്നത്. തായ്‌ലൻഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാൽ പ്രതിയെ അവിടേക്ക് വിട്ടുകൊടുക്കാനായില്ല. തായ്‌ലൻഡിൽ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോങ്ങിൽ കേസെടുക്കാനും സാധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണു ഭേദഗതി കൊണ്ടുവന്നതെന്നാണു അധികൃതരുടെ  വാദം. 2015-ല്‍ ഹോങ്കോങ്ങിലെ അഞ്ച് പുസ്തകവ്യാപാരികളെ കാണാതായ സംഭവം വിവാദമായിരുന്നു. ചൈനീസ് രഹസ്യപൊലീസ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ആരോപണം.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997-ലാണ് ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഹോങ്കോങ്ങിനുണ്ട്. എന്നാല്‍ ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകള്‍ ശക്തമാണ്.

click me!