Latest Videos

റോളക്സ് വാച്ച് ശേഖരമെന്ന് ആരോപണം, രാഷ്ട്രപതിയുടെ വീട് കുത്തിത്തുറന്ന് പരിശോധന, സംഭവം പെറുവിൽ

By Web TeamFirst Published Mar 31, 2024, 1:17 PM IST
Highlights

പ്രസിഡന്റിന്റെ കൈവശം ആഡംബര വാച്ചായ റോളക്സിന്റെ വൻ ശേഖരം ഉള്ളതായി മാധ്യമ വാർത്തകൾ വന്നിരുന്നു. റെയ്ഡ് നടക്കുന്പോൾ ബൊലാർത്തെ വീട്ടിലുണ്ടായിരുന്നില്ല.

ലിമ: പെറുവിൽ പ്രസിഡന്റ് ദിന ബൊലാർത്തെയുടെ വീട് കുത്തിത്തുറന്ന് പൊലീസ് പരിശോധന. അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പ്രസിഡന്റിന്റെ കൈവശം ആഡംബര വാച്ചായ റോളക്സിന്റെ വൻ ശേഖരം ഉള്ളതായി മാധ്യമ വാർത്തകൾ വന്നിരുന്നു. റെയ്ഡ് നടക്കുന്പോൾ ബൊലാർത്തെ വീട്ടിലുണ്ടായിരുന്നില്ല.

ഡസനിലധികം റോളക്സ് വാച്ചുകൾ സ്വത്തുവിവരത്തിൽ പ്രസിഡന്റ് വിശദമാക്കിയില്ലെന്നായിരുന്നു വ്യാപകമായ ആരോപണം. 2022 ഡിസംബറിൽ അധികാരത്തിലെത്തിയതിന് ശേഷം വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന സമയത്ത് ബൊലാർത്ത അണിഞ്ഞിരുന്ന വാച്ചുകൾ വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് അന്വേഷണം നടന്നത്. ശനിയാഴ്ച നടന്ന റെയ്ഡിനെ ഭരണഘടനാ വിരുദ്ധവും യോജിക്കാൻ സാധിക്കാത്തതെന്നുമാണ് പെറുവിന്റെ സർക്കാർ നിരീക്ഷിച്ചത്. 

ഈ മാസം ആദ്യത്തിലായിരുന്നു ഗവൺമെന്റ് കൺട്രോളർ ബൊലാർത്തയുടെ സ്വത്ത് വിവരം സംബന്ധിച്ച് പരിശോധന നടക്കുമെന്ന് വിശദമാക്കിയിരുന്നു. സർക്കാരിലേക്ക് പ്രവേശിച്ചത് ശുദ്ധമായ കൈകളോടെയാണെന്നും സർക്കാരിൽ നിന്ന് പുറത്ത് പോവുന്നതും ശുദ്ധമായ കരങ്ങളോടെ ആവുമെന്നായിരുന്നു ആരോപണത്തേക്കുറിച്ച് കഴിഞ്ഞ ആഴ്ച ബൊലാർത്ത പ്രതികരിച്ചത്. തന്റെ കൈവശമുള്ള റോളക്സ് വാച്ച് 18ാം വയസിൽ ജോലി ചെയ്യാൻ ആരംഭിച്ച കാലം മുതൽ തന്റെ കൈവശമുള്ളതാണെന്നും അവർ വിശദമാക്കിയിരുന്നു. ഇതിനിടയിലാണ് റെയ്ഡ് നടന്നത്. 

പൊലീസിന്റേയും പ്രോസിക്യൂട്ടറുടേയും സംയുക്ത സംഘമാണ് ശനിയാഴ്ച പുലർച്ചെ വീട് പൊളിച്ച് നടന്ന റെയ്ഡിന് നേതൃത്വം നൽകിയത്. റെയ്ഡിനെത്തിയ സംഘം തുറക്കാൻ ആവശ്യപ്പെട്ടിട്ടും തുറക്കാതെ വന്നതോടെ പൊലീസ് സംഘം പ്രസിഡന്റിന്റെ വസതിയുടെ മുൻവാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. 40 പേരോളം അടങ്ങുന്ന സംഘമാണ്  റെയ്ഡിൽ പങ്കെടുത്തതെന്നാണ് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റെയ്ഡിനേക്കുറിച്ച് പ്രസിഡന്റ് ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വക്താവ് വിശദമാക്കിയത്. 

പ്രോസിക്യൂട്ടറുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബൊലാർത്ത നേരത്തെ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഈ ആഴശ്യം നിരാകരിച്ചാണ് റെയ്ഡ് നടന്നതെന്നാണ് സൂചന. അഭിഭാഷകയായിരുന്ന ബൊലാർത്തേ വളരെ ആകസ്മികമായി ആയാണ് പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. മുൻ പ്രസിഡന്റ് പെട്രോ കാസ്റ്റിലിയോയെ ഇംപീച്ച് ചെയ്ത് പുറത്താക്കിയതിന് പിന്നാലെ ആയിരുന്നു ഇത്. കാസ്റ്റിലിയോയെ പുറത്താക്കിയതിന് പിന്നാലെ പെറുവിലുണ്ടായ സംഘർഷത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!